ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിടുന്ന ഭൂമിപൂജകൾക്ക് വേണ്ടി അയോദ്ധ്യ ഒരുങ്ങി. കൊവിഡിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുന്നതെങ്കിൽ പോലും ഉത്സവമയമായ അന്തരീക്ഷമാണ് അയോദ്ധ്യയുടെ സമീപ പ്രദേശങ്ങളിലും ഉത്തർപ്രദേശിലും ഒട്ടാകെയുള്ളത്. അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചിലവഴിക്കാനാണ് സാദ്ധ്യത. കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ തന്നെ പ്രധാനമന്ത്രിയും മറ്റ് നാല് പേരും മാത്രമാകും വേദിയിലുണ്ടാവുക.
ചെറുവഴികൾ അടക്കം എല്ലായിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ട 175 പേർക്കാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്. ഇതിൽ 135 പേർ ആത്‌മീയ നേതാക്കളും പുരോഹിതന്മാരുമാണ്. ഭൂമിപൂജ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ദൂരദർശൻ ആരംഭിച്ചു. പൂജകൾക്കായി ടൺ കണക്കിന് പൂക്കളാണ് അയോദ്ധ്യയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചിരിക്കുന്നത്.
ബി.ജെ.പി നേതാക്കൾ, ആർ.എസ്.എസ് ഭാരവാഹികൾ, വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധമുള്ള അതിഥികൾ എന്നിവരും ചടങ്ങിലെത്തും. മോദിയെ കൂടാതെ യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരും ചടങ്ങിനെത്തും.
പ്രധാനമന്ത്രി പ്രസിദ്ധമായ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ഏഴ് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചിലവഴിക്കുക. മരവും ഗ്ലാസും കൊണ്ട് നിർമ്മിച്ച താത്ക്കാലിക രാം ലല്ലാ ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചേക്കും.
ഇന്ന് രാവിലെ അയോദ്ധ്യയിൽ ഹനുമാൻ പ്രതിഷ്ഠയിലെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങായിരുന്നു ഇത്. കൊവിഡിനെത്തുടർന്ന് നഗരത്തിൽ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ കാരണം ചടങ്ങ് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടർച്ചയായ അഖണ്ഡ രാമായണ പാരായണം ചങ്ങുകളുടെ ഭാഗമായി നടത്തുന്നുണ്ട്. ഇന്നും നാളെയും വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകൾ കത്തിച്ച് ദീപാഞ്ജലി നടത്തും.
നഗരത്തിലെ പ്രധാനഭാഗങ്ങളിൽ മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചിട്ടുണ്ട്. സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും നിറമെന്ന തരത്തിലാണ് ഇത്. നാളത്തെ ചടങ്ങിന്റെ ഭാഗമായി മന്ത്രങ്ങൾ ചൊല്ലുകയും ക്ഷേത്രനിർമാണത്തിനായി ഭൂമിയിൽ നിലമൊരുക്കുകയും ചെയ്യും. 22.60 കിലോഗ്രാം വരുന്ന വെള്ളിക്കട്ടി ഭൂമി പൂജ ചടങ്ങിനായി ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത്, പങ്കെടുക്കുന്നവർ തമ്മിൽ പരസ്പരം ആറടി ദൂരം അകലം ക്രമീകരിക്കും. നാളത്തെ ചടങ്ങുകളോടെ ക്ഷേത്ര നിർമാണം ആരംഭിക്കും. ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ സമയമെടുത്താവും നിർമ്മാണം പൂർത്തിയാക്കുകയെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.