കൊച്ചി:കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധ ആക്രമണത്തിന് ഇരയായ വീട്ടിലെ സ്ത്രീയും അവരുടെ ഭർത്താവും മകനുമാണ് കസ്റ്റഡിയിലായത്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഡ്രൈവറെയും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. നില ഗുരുതരമായതിനാൽ വൃദ്ധയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.
കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വൃദ്ധയാണ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗികമായി പീഡിപ്പിച്ചതിനാെപ്പം ആയുധങ്ങൾ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൻ കുടലിനടക്കം പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ആയുധം കൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.
ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്ന വൃദ്ധ പീഡനത്തിന് വിധേയയായത്. തുടർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.