ima

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് ആക്കം കൂട്ടുന്നതായി ഐ എം എ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുടെ രൂക്ഷ വിമർശനം. സമൂഹ വ്യാപനം കൂടുന്നതിനാൽ ഇനിയും ടെസ്‌‌റ്റുകൾ നടത്തി രോഗികളെ കണ്ടെത്തി മാ‌റ്റിപാർപ്പിക്കണം എന്നാലേ സമൂഹ വ്യാപനം അവസാനിക്കൂ. ആരോഗ്യ പ്രവർത്തകരുടെ ജോലികൾ പൊലീസിനെ ഏൽപ്പിച്ച സർക്കാർ തീരുമാനത്തെയും ഐ എം എ എതിർക്കുന്നു. ആരോഗ്യ പ്രവർത്തകരെ അവരുടെ ജോലി ചെയ്യാൻ അനുവദിച്ചേ മതിയാകൂ. ആരോഗ്യ വിഷയങ്ങളിൽ പരിശീലനം ലഭിച്ചവരാണവർ. നിലവിലെ നീക്കം ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും.

ഹോമിയോ ചികിത്സ വഴി രോഗ പ്രതിരോധം വർദ്ധിപ്പിക്കാമെന്നുള‌ള ആയുഷ് വകുപ്പിന്റെ അശാസ്‌ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിലപാട് സമൂഹവ്യാപനത്തിന് ആക്കം കൂട്ടുന്നു, ഇതേ തുടർന്ന് ശരിയായി മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ജനങ്ങൾ പെരുമാറുമ്പോൾ സമൂഹവ്യാപനം സംഭവിക്കുന്നു. ഇ‌റ്റലിയും അമേരിക്കയും കേരളത്തിൽ ആവർത്തിക്കരുതെന്നും ആധുനിക വൈദ്യശാസ്‌ത്രത്തെ മാത്രം ആശ്രയിക്കേണ്ട സമയമാണിതെന്നും ഐ എം എ വ്യക്തമാക്കുന്നു.

ടെസ്‌‌റ്റുകൾ വർദ്ധിപ്പിക്കണം. ക്ള‌സ്‌റ്ററുകൾ രൂപപ്പെടുന്നതിന് സാദ്ധ്യതയുള‌ള ഇടങ്ങളിൽ വ്യാപകമായി വീടുകൾ തോറും കയറി ടെസ്‌റ്റ് നടത്തണം. ടെസ്‌റ്രുകൾ നടത്തുന്ന അന്നുതന്നെ റിസൾട്ട് ലഭ്യമാക്കാൻ കഴിയണം. റിവേഴ്‌സ് ക്വാറന്റൈനിന്റെ പേരിൽ വയോജനങ്ങളെ മാ‌റ്റി പാർപ്പിക്കുന്നത് പുനപരിശോധിക്കണം. ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ/ സ്വകാര്യ മേഖലകളിൽ ഫേസ്ഷീൽഡും N95 മാസ്‌ക് ഉൾപ്പടെ മതിയായ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നും എൻ ഐ എ ആവശ്യപ്പെട്ടു.