ന്യൂഡൽഹി: അയോദ്ധയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി. ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജ നാളെ നടക്കാൻ ഇരിക്കവെയാണ് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയുള്ള ഒരാളുടെ പിന്തുണ കോൺഗ്രസ് ക്യാമ്പിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ. രാമൻ എല്ലാവർക്കുമൊപ്പമാണെന്നും പ്രിയങ്ക ട്വിറ്ററിൽ രേഖപ്പെടുത്തി.
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, കോൺഗ്രസ് നേതാവായ മനീഷ് തിവാരി അടക്കമുള്ളവർ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകർത്തുകൊണ്ട് ക്ഷേത്രം നിർമ്മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോൺഗ്രസിന്റെ നിലപാട്. അതേസമയം ക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ അമർഷമുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രീയങ്ക ഗാന്ധി തന്നെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.