കൊവിഡ് പ്രതിരോധം നാടാകെ പാളി എന്നത് വ്യക്തമാണെങ്കിൽ കൂടി ആരും അതു പറയുവാൻ ധൈര്യപ്പെടുന്നില്ല. കേന്ദ്ര സർക്കാരിന്റെ മഹാമാരി തടയൽ നിയമമാണ് ജനം ഭയക്കുന്നത്. മനസിൽ തോന്നിയത് സത്യമാണെന്ന് ഉത്തമവിശ്വാസമുണ്ടെങ്കിലും വിളിച്ചു പറഞ്ഞാൽ അകത്താകുമോ എന്ന ഭയമാണ് ജനത്തിന്. അധികാര വർഗ്ഗത്തിന് കൊവിഡ് കാലം ഒരു പിടിവള്ളി കിട്ടിയതുപോലെയായി. ആദ്യകാലം ഈ മഹാമാരിയെ സംസ്ഥാനത്തു പിടിച്ചുകെട്ടിയ പ്രതീതി ജനിപ്പിച്ചു. ആഗോളമായിത്തന്നെ അതിന്റെ ഖ്യാതിയും കരസ്ഥമാക്കി.
പാവം പ്രവാസികൾ തിരിച്ചെത്തിത്തുടങ്ങിയ നാളുകളിൽ തക്കം പാർത്തിരുന്ന കൊറോണ ചാടിവീണു. ഈ രോഗത്തിന്റെ വ്യാപനരീതി ഘട്ടം ഘട്ടമാണെന്നു മനസിലാക്കാതെ സാധു പ്രവാസികൾ പഴിയെല്ലാം കേട്ടു. ഇതോടെ ലോക്ക്ഡൗൺ സാധ്യതകൾ തെളിഞ്ഞതോടെ ഭരണവർഗ്ഗം ഡയലോഗ് മാറ്റി.
ഇന്ത്യയിലാദ്യമായി ജനസമ്പർക്കമില്ലാതെ തന്നെ കൊവിഡ് രോഗം പുല്ലുവിളയിൽ പകരുന്നു എന്ന അവകാശവാദവും പുറത്തുവിട്ടു. നഗരം പൂർണമായി അടച്ചിട്ടു. മൂന്നാഴ്ചയായപ്പോൾ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ആശുപത്രി കിടക്കകൾ എത്ര ഒരുക്കിയിട്ടും മതിയാകാതെ വരുന്നതിനാൽ ചികിത്സയിനി വീടുകളിലുമാകാം എന്ന നിലപാടാണിപ്പോൾ സർക്കാരിന്. അപ്പോൾ കാതലായ ചോദ്യം അവശേഷിക്കുന്നു, പിന്നെ എന്തിനായിരുന്നു ഈ ട്രിപ്പിൾ ലോക്ക്ഔട്ട്? ബഹുഭൂരിപക്ഷം ജനങ്ങളുടെ നിത്യവൃത്തിക്കുള്ളവഴി അടയ്ക്കുക മാത്രമല്ലേ ഈ അടച്ചിടൽ സാധ്യമാക്കിയുള്ളൂ. കൊവിഡ് രോഗത്തെ ഭയന്ന് രാജ്യം പൂർണമായും അടച്ചിടുകയെന്നത് രോഗ ഭീതിയെക്കാളും ദുരിതം വരുത്തിവയ്ക്കുമെന്ന് മനസ്സിലാക്കി മിക്ക ലോക രാഷ്ട്രങ്ങളും ഈ നടപടി അവസാനിപ്പിച്ചിരിക്കുകയാണ്. ഗൾഫ് നാടുകൾ കണ്ടപോംവഴി രാത്രി കാലങ്ങളിൽ മാത്രം ലോക്കഔട്ട് നടപ്പാക്കുക എന്നതാണ്. ഇരുട്ടത്ത് കൊറോണ വൈറസ്സുകൾ ആളെ തപ്പി നടക്കട്ടെ എന്നതാകാം ഇതിലെ യുക്തി. അമളി മനസ്സിലാക്കിയതാകാം മോദി സർക്കാർ ലോക്ക്ഔട്ട് നടപടി സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടി കൈകഴുകിയത്. കേരളം ഈ അവസരം ശരിക്കും ഉപയോഗിച്ചത് തലസ്ഥാനം അടച്ചിടാനും രാഷ്ട്രീയ പ്രകടനങ്ങളിൽ നിന്നും രക്ഷപ്പെടാനുമല്ലേയെന്നു ശങ്കിക്കുന്നു.