തിരുവനന്തപുരം: കൊവിഡ് കാലം കഴിഞ്ഞ് ബസുകൾ പൂർണമായി ഓടിത്തുടങ്ങുന്നതോടെ ബസുകളുടെ ബോർഡ് മാത്രമല്ല, നമ്പർ നോക്കിയും ഏത് റൂട്ടിലേക്കാണെന്ന് ഉറപ്പിച്ച് കയറിപ്പോകാം. തലസ്ഥാന ജില്ലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കടക്കം നമ്പർ നൽകുന്ന സംവിധാനമാണ് ബസുകൾ ഓടിത്തുടങ്ങുന്നതോടെ നടപ്പാക്കുക.
അന്ന് നടന്നില്ല
2016ൽ തന്നെ ബസുകൾക്ക് റൂട്ട് നമ്പർ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഫണ്ട് അടക്കമുള്ള കാര്യങ്ങളുടെ അപര്യാപ്തതകളെ തുടർന്ന് പദ്ധതി നടക്കാതെ പോയി. ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ തിരുവനന്തപുരം ജില്ലാകളക്ടറായിരിക്കെയാണ് പദ്ധതി കൊണ്ടുവന്നത്. അന്ന് നടക്കാതെ പോയ പദ്ധതി ബിജു പ്രഭാകർ എം.ഡിയായിരിക്കെയാണ് നടപ്പാക്കാൻ തയാറെടുക്കുന്നത്. തലസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് റൂട്ട് നമ്പർ സംവിധാനം കൊണ്ട് പ്രയോജനം ലഭിക്കുകയെന്ന് ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.
നാല് സോണുകൾ, വിവിധ നിറങ്ങൾ
ആദ്യ ഘട്ടത്തിൽ 760 കെ.എസ്.ആർ.ടി.സി ബസുകളും 100 സ്വകാര്യ ബസുകളും അടക്കം 860 ബസുകളിലാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം നഗരത്തെ നാല് സോണുകളായി തിരിച്ചാകും പദ്ധതി. നഗരം - നീല, ആറ്റിങ്ങൽ - ചുവപ്പ്, നെടുമങ്ങാട്- പച്ച, നെയ്യാറ്റിൻകര- മഞ്ഞ എന്നിങ്ങനെയാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ബസുകൾക്ക് ഫാൻസി നമ്പറുകളായിരിക്കും. നമ്പറുണ്ടെങ്കിലും ബസിന്റെ ബോർഡുകൾ ഒഴിവാക്കില്ല. ഇതോടൊപ്പം ബസ് സ്‌റ്റേഷനുകളിൽ റൂട്ട് നമ്പർ സംബന്ധിച്ച വിവരങ്ങളും പ്രദർശിപ്പിക്കും.
3000 ബോർഡുകൾ
ബസുകൾക്കായി 3000 നമ്പർ ബോർഡുകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്ക്. അലൂമിനിയത്തിൽ തയ്യാറാക്കുന്ന ബോർഡുകൾക്ക് ഒരെണ്ണത്തിന് 500 രൂപയ്ക്ക് അടുത്ത് ചെലവ് വരും. ബോർഡുകൾക്ക് മൂന്ന് വർഷം വാറന്റി ഉണ്ടാകും.
കണക്ഷൻ ബസ് സർവീസ്
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കണക്ഷൻ ബസ് സർവീസ് നടത്തുന്ന കാര്യവും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്.