പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു. ഇതോടെ പ്രദേശത്ത് മരിച്ചവരുടെ സഹപ്രവർത്തകരായ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അവസാനിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു. അനുഗമിക്കുന്ന ആളുകളെ നാട്ടിലെത്തിക്കുമെന്നും ഇതിനുള്ള ചെലവും സർക്കാർ വഹിക്കുമെന്ന് തൊഴിലാളികളെ അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
ജാർഖണ്ഡിലെ പലാമു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണ് മരിച്ചത്. ഇന്നലെരാത്രി പത്തരയ്‌ക്ക് കഞ്ചിക്കോട് ഐ.ഐ.ടിയ്ക്ക് സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ ഇതരസംസ്ഥാന തൊഴിലാളികൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ആറ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും തൊഴിലാളികൾ അടിച്ചുതകർത്തു. രാവിലെ മുതൽ തുടങ്ങിയ സമവായ ചർച്ചകൾ അൽപ്പം മുമ്പാണ് അവസാനിച്ചത്.