പുരാണങ്ങളിൽ ദേവീദേവന്മാരുടെ ഇരിപ്പിടമായി കണക്കാക്കിയിരുന്നത് ആയിരം ഇതളുള്ള താമരപ്പൂവിനെയാണ്. അധികമാരും കണ്ടിട്ടില്ലാത്ത എന്നാൽ കേട്ടുകേൾവിയുള്ള ഒന്ന്. ഒരുപാട് നാളത്തെ പരിശ്രമത്തിന്റെ ഫലമായി തൃപ്പൂണിത്തുറ സ്വദേശിയായ ഗണേഷ് സ്വന്തം വീട്ടിൽ വിരിയിച്ചിരിക്കുകയാണ് സഹസ്രദളപത്മത്തെ. താമരപ്പൂക്കളെ കുറിച്ച് വർഷങ്ങളായി പഠിക്കുകയും ഏറെ ഗവേഷണം നടത്തുകയും ചെയ്തയാളാണ് ഗണേഷെന്ന് കൂടി അറിയുമ്പോൾ ആ കൗതുകം ഒന്നുകൂടി ഇരട്ടിക്കും.
പ്രണയം മുഴുവൻ താമരയോട്
ചെറുപ്പം മുതലേ പൂക്കൾ ഗണേഷിന്റെ പ്രാണനായിരുന്നു. ആ ഇഷ്ടത്തിൽ ഒരൽപ്പം കൂടുതൽ താമരപ്പൂക്കളോടായിരുന്നു. അതിന് പിന്നിലൊരു കാരണവുമുണ്ട്. ഗണേഷിന്റെ വീടിനടുത്താണ് പൂർണത്രയേശ ക്ഷേത്രം. അവിടത്തെ പ്രധാന വഴിപാട് താമരമാലയും. കുഞ്ഞുന്നാളിൽ ക്ഷേത്രത്തിൽ പോകുമ്പോഴെല്ലാം ഗണേഷിന്റെ മനസിൽ ആ താമരപ്പൂക്കൾ ഉടക്കിയിരുന്നു. റബർ ബോർഡിൽ ജോലി കിട്ടി ആദ്യ പോസ്റ്റിംഗ് ലഭിച്ച് ത്രിപുരയിലെത്തിയതോടെയായിരുന്നു ആ ഇഷ്ടം ഒന്നുകൂടെ ഊട്ടിയുറപ്പിച്ചത്. വീടു വിട്ട് മാറി നിൽക്കുന്നതിന്റെ ചെറിയ പ്രയാസത്തെ ഗണേഷ് മാറ്റി നിറുത്തിയത് ത്രിപുരയിലെ താമരപ്പൂക്കൾ കാണുമ്പോഴുള്ള സന്തോഷത്തിലൂടെയായിരുന്നു. താമസിച്ചിരുന്ന ക്വാർട്ടേഴ്സിന്റെ ടെറസ് മുഴുവൻ താമരപ്പൂക്കൾ കൃഷി ചെയ്ത് സ്വയം പരിപാലിച്ചു. പല തരത്തിലും നിറത്തിലും വലിപ്പത്തിലും ഉള്ളവ. പത്തു വർഷത്തോളം അവിടെ ജോലി ചെയ്തതിന് ശേഷം കഴിഞ്ഞവർഷമാണ് നാട്ടിലേക്ക് ഗണേഷിന് സ്ഥലംമാറ്റമായത്. മടങ്ങി വരവിൽ പ്രിയപ്പെട്ട താമരച്ചെടികളെയും കൂടെ കൂട്ടി.
മൂന്നു വർഷം മുന്നേ വിരിയിച്ചു
ത്രിപുരയിലായിരിക്കുന്ന സമയത്താണ് ചൈനയിൽ സഹസ്രദളപത്മം വിരിഞ്ഞത് അറിയുന്നത്. ഇന്റർനാഷണൽ നെലമ്പോ രജിസ്ട്രാർ കൂടിയായ ഡെയ്കി ടിയാനായിരുന്നു അതിന് പിന്നിൽ.
2009 ലാണ് അദ്ദേഹം അത് കണ്ടുപിടിക്കുന്നത്. വാർത്ത പിന്നെയും കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വായിച്ചറിഞ്ഞത്. അങ്ങനെ ചൈനയിലുള്ള ഒരു ഇന്ത്യൻ സുഹൃത്ത് വഴി അദ്ദേഹത്തെ ബന്ധപ്പെട്ട് വിത്ത് സംഘടിപ്പിച്ചു. താമരപ്പൂക്കളോടുള്ള പൊതുവായ ഇഷ്ടം ഞങ്ങളെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റി. ഒരിക്കൽ ചൈനയിൽ പോയപ്പോൾ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചു. അദ്ദേഹം നമ്മുടെ നാട്ടിലും വന്നിട്ടുണ്ട്. 2017ൽ ത്രിപുരയിൽ വിരിഞ്ഞിരുന്നു. അവിടെ വിരിയിപ്പിച്ചശേഷം ഞാനത് വീട്ടിലും കൊണ്ടു വന്നിരുന്നു. ലോക്ക് ഡൗൺ കാലത്ത് കാര്യമായ സമയം കിട്ടിയതുകൊണ്ടാണ് വീണ്ടും അതിന് പിറകേ കൂടിയത്. ശാസ്ത്രീയമായ രീതിയിലായിരുന്നു പരിപാലിച്ചത്. ഇവിടത്തെ കാലാവസ്ഥയിൽ ഇവ വിരിയുക കുറച്ച് പ്രയാസമാണ്.
കർപ്പൂരത്തിന്റെ സുഗന്ധം
പല തരത്തിലുള്ള താമരകൾ ശേഖരിക്കുക, പരിപാലിക്കുക, പുതിയ പുതിയ ഇനങ്ങൾ ക്രോസ് ചെയ്തെടുക്കുക ഇതൊക്കെയാണ് ഗണേഷിന്റെ ഹോബി. മൂന്നിഞ്ച് വലിപ്പമുള്ള കപ്പിൽ നടാവുന്ന മൈക്രോ ലോട്ടസ് മുതൽ വലിയ താമരകൾ വരെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. പ്രകാശവും ചൂടും നടുന്ന ആഴവുമൊക്കെ അനുസരിച്ചാണ് ഓരോ പൂക്കളും വ്യത്യസ്തമാവുക. സഹസ്രദളപത്മം വലിയൊരു ടബിലായിരുന്നു നട്ടത്. ദിനദൈർഘ്യത്തിലാണ് കാര്യം. പ്രകാശം എത്രയും കിട്ടുന്നോ അത്രയും നല്ലത്. അതിനനുസരിച്ച് പൂക്കളുടെ വലിപ്പത്തിലും നിറത്തിലുമെല്ലാം വ്യത്യാസമുണ്ടാകുമെന്ന് ഗണേഷ് പറയുന്നു. സഹസ്രദളപത്മത്തിൽ 900 തൊട്ട് 1600 വരെ ഇതളുകൾ ഉണ്ടാകും. വലിപ്പം കൂടുന്നതനുസരിച്ചാണ് ഇതളുകളുടെ എണ്ണവും കൂടുന്നത്. മൊട്ട് വന്ന് ഇരുപത് ദിവസം കഴിയും വിരിയാൻ. വിരിഞ്ഞ് ഏതാണ്ട് ഒരാഴ്ചയോളം നിൽക്കും. കർപ്പൂരത്തിന്റെ മണമാണ് ഇവയ്ക്ക്. രാവിലെ വിരിഞ്ഞുവരുന്നതു മുതലേ മണം പരക്കും. സാധാരണ താമര ഒൻപത് മണിയൊക്കെ ആകുമ്പോൾ ഇതളൊക്കെ അടയും. ഇതിന് പക്ഷേ ദളങ്ങൾ കൂടുതലായതുകൊണ്ട് അത്ര പെട്ടെന്ന് അടയില്ല. സാധാരണ പൂക്കൾ നൂറ് ഗ്രാമിൽ താഴെ ഭാരം വരുമ്പോൾ ഇവയ്ക്ക് ഭാരം അരക്കിലോ അടുപ്പിച്ച് വരും. നന്നായി പരിപാലിച്ചാൽ മൂന്നു മാസത്തെ ഇടവേളയിൽ പൂക്കുമെന്നാണ് ഗണേഷ് പറയുന്നത്. വീട്ടിൽ വിരിഞ്ഞ പൂക്കളിൽ ഒന്ന് പൂർണത്രയേശന്റെ നടയിലാണ് ഗണേഷ് സമർപ്പിച്ചത്.
മിറാക്കിൾ, ഗണേഷിന്റെ സ്വന്തം
സ്വന്തമായി ക്രോസ് ചെയ്ത് പുതിയൊരു താമരയും ഗണേഷ് വിരിയിച്ചിട്ടുണ്ട്. നാനൂറ് ഇതളുള്ള അതിന് മിറാക്കിൾ എന്ന് പേര് നൽകി രജിസ്റ്ററും ചെയ്തു. മീനാക്ഷി എന്ന പേരിൽ ഒരു മഞ്ഞത്താമരയും വിരിയിച്ചിട്ടുണ്ട്. അൻപതിൽ പരം താമരകൾ ഗണേഷ് പലയിടങ്ങളിൽ നിന്നായി ത്രിപുരയിലെത്തിച്ചെങ്കിലും നാട്ടിൽ അനുയോജ്യമായ താമരകൾ മാത്രമേ പരിപാലിക്കുന്നുള്ളൂ. പലതും നമ്മുടെ കാലാവസ്ഥയിൽ പിടിച്ച് കിട്ടാൻ കുറച്ച് പ്രയാസമാണെന്നും ഗണേഷ് പറയുന്നു. നാട്ടിൽ വന്നപ്പോഴുണ്ടായ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. വീട്ടിലെത്തിയപ്പോഴും ടെറസിൽ തന്നെയാണ് കൃഷി.
വിത്ത് ചോദിച്ചു വരുന്നവരോടൊക്കെ ഗണേഷിന് ഒറ്റ കാര്യമേ പറയാനുള്ളൂ, വെറുതേയൊരു കൗതുകത്തിനാണെങ്കിൽ ആരും ചോദിച്ച് വരേണ്ട. താമരകൃഷിയെ കാര്യമായിട്ടെടുത്തവർ വിത്ത് ചോദിക്കാൻ മടിക്കേണ്ടതുമില്ല. മൂവാറ്റുപുഴ റബ്ബർ ബോർഡ് ഓഫീസിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അമ്മയും മൂന്നും സഹോദരങ്ങളും അടങ്ങുന്നതാണ് ഗണേഷിന്റെ കുടുംബം.