kaumudy-news-headlines

1. സ്വര്‍ണ്ണ കടത്തു കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായരും അടക്കമുള്ള മുഖ്യ പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയതില്‍ കേസ് ഡയറില്‍ ഹാജരാക്കി എന്‍.ഐ.എ. അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ഡിവൈ. എസ്.പി സി. രാധാകൃഷ്ണ പിള്ളയാണ് കോടതിയില്‍ അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിച്ചത്. എന്‍.ഐ.എയ്ക്ക് വേണ്ടി കേരള ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ആയ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാറാണ് ഹാജരായത്


2. കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് അടക്കം ചൂണ്ടിക്കാട്ടി കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാന്‍ ആവും എന്‍.ഐ.എ കോടതിയില്‍ ശ്രമിക്കുക. കേസിന്റെ തീവ്രവാദ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ കേസ് ഡയറിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ല എന്നാണ് സ്വപ്നയുടെ അഭിഭാഷകന്റെ വാദം. ഇതിലെ തീവ്രവാദ ബന്ധം ഇതുവരെ പുറത്തു വന്നിട്ടില്ല എന്നും അഭിഭാഷകന്‍. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദമാണ് നടക്കുന്നത്. കേസ് ഡയറി അടക്കം പരിശോധിച്ച ശേഷം ആവും ജാമ്യ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക
3. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്. ആറ് മാസത്തിന് ഉള്ളില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കണം എന്ന് കഴിഞ്ഞ നവംബര്‍ 29ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.
4. കൊവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം ഈ സമയ പരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിക്ക് കൈമാറുക ആയിരുന്നു. കോടതി നിലപാട് ആരാഞ്ഞാല്‍ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
5. പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘം ഉടന്‍ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തെളിവ് നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവ നടന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൃതദേഹം പോസ്റ്റ്‌മേര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനുമായി കൂടിക്കാഴ്ച നടത്തി
6. കേസില്‍ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ വനം വകുപ്പിനോട് അരുണ്‍ പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളാണ്. മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മൃതദേഹം സംസ്‌കരിച്ചില്ല. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ചിറ്റാര്‍ ഫോറസ്റ്റഷന് മുന്നില്‍ റിലെ ഉപവാസം സമരം തുടങ്ങും. മത്തായിയുടെ മരണത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയ കേസെടുത്തു
7. മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കു പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ പതിനെട്ടര ലക്ഷം കടന്നു. ഇന്നലെയും അര ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എണ്ണൂറോളം കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രതിദിന കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. ആകെ മരണം ഇതോടെ 39,000ത്തിലേക്ക് അടുക്കുക ആണ്.
8. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 24 മണിക്കൂറിനിടെ 19,342 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ മരണസംഖ്യ 4,241 ആയി. 109 പേര്‍ കൂടി മരിച്ചു. 5,609 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധിതര്‍ 2,63,222 ആയി. ചെന്നൈയില്‍ 1,021 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി. കര്‍ണാടകയില്‍ മരണസംഖ്യ 2,500 കടന്നു. 98 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് ആകെ രോഗബാധിതര്‍. ആന്ധ്രാപ്രദേശില്‍ വ്യാപനം തുടരുകയാണ്. മരണം 1500 കടന്നു. പുതുച്ചേരിയില്‍ 176 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
9. കൊവിഡ് വ്യാപനത്തിന് വാക്സിന്‍ സമ്പൂര്‍ണ്ണ പരിഹാരം ആവില്ലെന്ന് ലോക ആരോഗ്യ സംഘടന. കൊവിഡിനെ തടയാന്‍ തല്‍കാലം ഒരു ഒറ്റമൂലി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്‌റോസ് അധനം. ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാം. നിരവധി വാക്സിനുകള്‍ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാക്കുമ്പോള്‍ സാമൂഹിക അകലവും വ്യാപക പരശോധനകളും അടക്കമുള്ള പ്രതരോധം കര്‍ശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.
10.മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. കൊവിഡ് 19 മരണങ്ങള്‍ മൂന്നിരട്ടിയായി 68,000ത്തില്‍ എത്തിയെന്നും ടെഡ്രോസ് പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാ ശാലയുടെ റപ്പോര്‍ട്ട് പ്രകാരം 1,81,02,671 പേര്‍ക്കാണ് ലോകത്ത് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ച് ഇരിക്കുന്നത്. 6,89,625പേര്‍ മരിക്കുകയും ചെയ്തു