sushant-rajput

പട്ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. സുശാന്തിന്റെ കുടുംബത്തിന്റെ സമ്മതം ലഭിച്ച സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്​ നിർദേശിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. സുശാന്തിന്റെ പിതാവ്​ കെ.കെ സിംഗ്​ ബിഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗമുള്‍പ്പടെ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയക്കെതിരെ ആരോപിച്ചിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ സുശാന്തിന്റെ അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്ന് കണ്ടെത്തി. സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത് പോലെ, റിയ തന്റെ ആവശ്യങ്ങൾക്കായാണ് ഈ തുക പിൻവലിച്ചതെന്ന് സംശയിക്കുന്നു. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കും പണം ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്.

റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടി രൂപ മാറ്റിയതായി സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബയ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.