വർഷങ്ങൾക്കു മുമ്പാണ്, തൊണ്ണൂറുകളിലെപ്പോഴോ... കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിൽ ദേവിച്ചേച്ചി സ്നേഹപൂർവ്വം മുന്നോട്ടുവെച്ച തൂവെള്ള ഇഡ്ഡലിയിൽ കടുമാങ്ങാ നീരൊഴിച്ച്ചാലിച്ച് രുചിച്ച്, ദാമോദരേട്ടൻ പറഞ്ഞു : ''ഇതാണ് സമ്പൂർണ രുചിലയം... പാകത്തിന് എരിവ്, പാകത്തിന് ഉപ്പ്, ഇഡ്ഡലിയിലുമതേ... ഉഴുന്നിന്റേയും അരിയുടെയും സുസമ്മേളനം... സരസമ്മേളനം...""
ആ പറഞ്ഞത്, കൈതപ്രം ഗാനങ്ങളുടെ കൂടി രുചിക്കൂട്ടല്ലേയെന്ന് ഞാനപ്പോഴോർത്തു. ചട്ട്ണിയും സാമ്പാറുമല്ലാതെ ആദ്യമായായിരുന്നു ഇഡ്ഡലിയിൽ, കടുകു രുചിയുള്ള കണ്ണിമാങ്ങ അച്ചാർ ചേർത്ത് കഴിക്കുന്നത്... മനസിലപ്പോൾ തെളിഞ്ഞത്, 'ദേവദുന്ദുഭീ സാന്ദ്രലയ" മാണോ 'പൂവട്ടക തട്ടിച്ചിന്നി" യാണോ എന്നോർക്കുന്നില്ല...! അതേതായാലും 1986 ൽ ആ വ്യത്യസ്ത രാഗലയങ്ങളിലൂടെ സമാരംഭിച്ച കൈതപ്രം വരികളുടെ വീരരുചിയും സ്നേഹസുഗന്ധവുമൊക്കെ നാവിലും മനസിലും വന്നു നിറഞ്ഞു. ചലച്ചിത്രപ്രവേശം നടത്തുംമുമ്പുതന്നെ ഒരു കവിയെന്ന നിലയിലും ഗായകനെന്ന നിലയിലും കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പേര് മലയാളികൾക്കു പരിചിതമായിരുന്നു; ഞങ്ങൾ പയ്യന്നൂർകാർക്ക് പ്രത്യേകിച്ചും... പയ്യന്നൂരമ്പലത്തിൽ തൊഴാൻ വരുമ്പോൾ, തൊട്ടു മുന്നിലുള്ള ചിറയിലും, അരികെയുള്ള എന്റെ ഇല്ലത്തും വന്നണയാറുള്ള ദാമോദരേട്ടൻ, അച്ഛനുമായുള്ള അടുപ്പം വഴിയാണ്, എന്റെ മനസ്സിലേക്കും ചേക്കേറിയത്. അക്കാലത്ത് ശാന്തിയും ശാസ്ത്രീയസംഗീതവും ദേശാടനവുമൊക്കെയായിരുന്നു ആ കൈതപ്രദേശവാസിയുടെ ജീവിതവഴി.
പയ്യന്നൂർ പെരുമ്പയിൽ നിന്ന് നാലുനാഴിക നടന്നാലെത്താവുന്ന കോറോം ഗ്രാമത്തിൽ അച്ഛനല്പം കൃഷിയുണ്ടായിരുന്നു. കോളേജ് ഒഴിവിൽ ഞാനും അവിടെ എത്തും. ചിലപ്പോഴൊക്കെ തൊട്ടടുത്തുള്ള പുല്ലേരി ഇല്ലത്തു നിന്നായിരുന്നു ഉച്ചയൂണും കാപ്പിയുമൊക്കെ. ദേവീസഹായം യു.പി. സ്കൂളിന്റെ ഭരണാവകാശവും അവർക്കായിരുന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന ഗൃഹനാഥനായ ഉണ്ണിയേട്ടനെയായിരുന്നു ഞാനാദ്യം പരിചയപ്പെടുന്നത്. പിന്നീട് മക്കളായ ദേവിയേയും യമുനയേയും ഭവദാസനേയുമൊക്കെ... ദേവിച്ചേച്ചിയുടെ ഭർത്താവായി കൈതപ്രത്തു നിന്നെത്തിയ ദാമോദരൻ എന്ന സുന്ദരതാടിക്കാരൻ യുവാവിനേയും ഞാനക്കാലങ്ങളിലാണ് അടുത്തറിയുന്നത്.
തിരുവനന്തപുരത്ത് ശാന്തിയും കാവാലംകളരിയിലെ നടനവുമായിച്ചേർന്ന ഒരു പൂർവകാലത്താണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന കലാകാരൻ ഉരുവം കൊള്ളുന്നത്. നരേന്ദ്രപ്രസാദ്, നെടുമുടി വേണു, ഗോപി, അരവിന്ദൻ, കടമ്മനിട്ട, വിനയചന്ദ്രൻ തുടങ്ങിയവരുടെ ആട്ടപ്രകാരങ്ങൾ ആ യുവാവിന്റെ ഹൃത്തടത്തിൽ നന്നായി വിളങ്ങി. പയ്യന്നൂർ ഗാന്ധി മൈതാനിയിൽ അരങ്ങേറിയ 'അവനവൻ കടമ്പയി" ലെ ആട്ടപ്പരിഷകളിലൊരാളുടെ സുന്ദരരൂപം എന്റെ മനസിലുണ്ട്. തലസ്ഥാനവാസം വെടിഞ്ഞ് കോഴിക്കോടെത്തിയ കാലത്താണ്, നെടുമുടി വേണു വഴി അടുപ്പക്കാരനായ ഫാസിൽ 'എന്നെന്നും കണ്ണേട്ട"നിലേക്ക് കൈതപ്രം എന്ന യുവകവിയെ പരീക്ഷിക്കുന്നത്. ക്ലാസിക്കൽ രചനയായ 'ദേവദുന്ദുഭീരാഗലയം, ദിവ്യവിഭാത സോപാന രാഗലയം"എഴുതി വിസ്മയിപ്പിച്ചപ്പോൾത്തന്നെ തീർത്തും നാടോടി രചനയായ 'പൂവട്ടക തട്ടിച്ചിന്നി, പൂമലയിൽ പുതുമഴ തെന്നി" യിലൂടെ മലയാളിയുടെ മനസ്സിൽ തകതക താളം കൊട്ടി, ഏത് രാഗവും ഏത് ഭാവവും തനിക്കുവഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം...
എൺപതുകളുടെ ഒടുവിൽ, ഒരുനാൾ സന്ധ്യക്ക് പയ്യന്നൂരമ്പലത്തിൽ തൊഴുതിറങ്ങും വഴി അച്ഛനെ കാണാൻ എത്തുന്നു ദാമോദരേട്ടൻ... പതിവു തോൾതുണിസഞ്ചിക്ക് കനമല്പം കൂടുതലുണ്ട്. ''ഒരു യാത്രയുണ്ട്, മെർക്കാറയിൽ പപ്പേട്ടന്റെ പടം നടക്കുന്നു."" അദ്ദേഹം പറഞ്ഞു. തലേന്നത്തെ പത്രത്തിൽ പി. പത്മരാജന്റെ 'ഇന്നലെ"യുടെ വാർത്ത കണ്ട കാര്യം ഞാനോർത്ത് പുളകിതനായി. അക്കാലത്ത് തൃക്കരിപ്പൂർ എസ്.ബി.ടി.യിൽ ജോലിനോക്കുകയായിരുന്നു ഞാൻ. എഴുത്തിനോടൊപ്പം സിനിമയും തലയ്ക്കു പിടിച്ച കാലം... ആ സന്ധ്യയ്ക്ക് ഞാനും ദാമോദരേട്ടനൊപ്പം കൂടുന്നു. സ്വന്തം അനുജനെ കൈപിടിച്ചു കൊണ്ടുപോകുംപോലെയായിരുന്നു അദ്ദേഹം എന്നെ പത്മരാജന്റെ മുന്നിലെത്തിക്കുന്നതും പരിചയപ്പെടുത്തുന്നതും. ആയിടെ വന്ന എന്റെ കഥ വായിച്ച കാര്യം പപ്പേട്ടൻ ഓർത്തെടുക്കുന്നു. ജയറാമിനും ശോഭനയ്ക്കും ശ്രീവിദ്യയ്ക്കുമൊക്കെ യുവകഥാകൃത്തെന്ന നിലയിൽ എന്നെ പരിചയപ്പെടുത്തുന്നു.
'കണ്ണിൽ, മെയ്യിൽ, നിന്നോർമ്മപ്പൂവിൽ, ഇന്നാരോ പീലിയുഴിഞ്ഞു..." എന്ന മനോഹരഗാനം, പെരുമ്പാവൂരിന്റെ സംഗീതത്തിൽ ഒഴുകിപ്പരക്കുമ്പോൾ എന്റെ കണ്ണുകളിലെ വിസ്മയം വായിച്ച് ദാമോദരേട്ടൻ പറഞ്ഞു: ''ബാബൂ വേണമെങ്കിൽ ഒന്നുരണ്ടു ദിവസം കൂടി ഇവിടെ കൂടിക്കോ - എന്റെ മുറിയുണ്ടല്ലോ - ഞാൻ പപ്പേട്ടനോടു പറയാം. എനിക്ക് അടിയന്തിരമായി സിബിയുടെ ലൊക്കേഷനിലേക്കു പോകണം.""
ദൃശ്യലോകത്തിലേക്കുള്ള എന്റെ കവാടമായിരുന്നു അന്ന് ദാമോദരേട്ടൻ തുറന്നിട്ടത്... ഒന്നോ രണ്ടോ ദിവസമല്ല, പപ്പേട്ടന്റെ പ്രിയപ്പെട്ടവനായി രണ്ടാഴ്ചയിലേറെ ഞാൻ മെർക്കാറയിൽ കഴിഞ്ഞു. പപ്പേട്ടന്റെ എഴുത്തിന് സാക്ഷിയായി. പകർത്തെഴുത്തുകാരനായി. കാമറാമാൻ വേണുവുമായും അസോസിയേറ്റ് ജോഷിമാത്യുവുമായും അസിസ്റ്റന്റ് ബ്ലസ്സിയുമായുമൊക്കെ അടുത്തു. പപ്പേട്ടന്റെ ഉപദേശപ്രകാരം ബാങ്കിൽ സ്ഥലം മാറ്റം വാങ്ങി തിരുവനന്തപുരത്തേക്കെത്തി. 1991-ൽ പപ്പേട്ടനില്ലാത്ത നഗരത്തിൽ വണ്ടിയിറങ്ങി. ജോഷി മാത്യുവിന്റെ 'നക്ഷത്രക്കൂടാര'ത്തിലൂടെ തിരക്കഥാകൃത്തായി. എന്റെ ദൃശ്യലോകം വളർന്നു. ഇപ്പോഴും എന്റെ ടെലിവിഷൻ സ്റ്റുഡിയോയിൽ കാമറയ്ക്കു പിന്നിൽ നിൽക്കുമ്പോൾ ഞാനാദ്യമോർക്കുന്നത് ദാമോദരേട്ടനെയാണ്, പ്രണാമപൂർവ്വം പപ്പേട്ടനേയും.
തൊണ്ണൂറുകൾ കൈതപ്രം എന്ന ഗാനരചയിതാവിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന വർഷങ്ങളായിരുന്നു. ശ്രീനിവാസന്റെ ആദ്യ സംവിധാനസംരംഭമായ 'വടക്കുനോക്കി യന്ത്ര"ത്തിനുവേണ്ടി എഴുതിയ 'മായാമയൂരം പീലി നീർത്തിയോ, ആശാമരാളം താളമേകിയോ" എന്ന ജോൺസൺ മാഷ് ഈണമിട്ട ഗാനം ഏറെ ശ്രദ്ധേയമായി. മനോഹരമായി ആലപിച്ച എം.ജി. ശ്രീകുമാറിനത് സംസ്ഥാന അവാർഡ് നേടി കൊടുത്തു. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയരാജ്, 1990 ൽ 'വിദ്യാരംഭം" എന്ന ആദ്യ ചിത്രമൊരുക്കിയപ്പോൾ കൈതപ്രത്തെ കൂടെ കൂട്ടി. 'എന്നെന്നും കണ്ണേട്ടനി" ലെ ഗാനങ്ങളിലൂടെ കൈതപ്രംആരാധകനായി മാറിയിരുന്നു ജയരാജ്. 'വിദ്യാരംഭ" ത്തിലെ ബോംബെ രവി ഈണമിട്ട 'പൂവരമ്പിൻതാഴെ പൂക്കളം തീർത്തു" എന്ന ഗാനം ആകർഷകമായി. പിന്നീടങ്ങോട്ട് ജയരാജും കൈതപ്രവും തമ്മിലുള്ള ആത്മബന്ധം വളർന്നു.
1993-ൽ ജയരാജിന്റെ 'പൈതൃക"ത്തിലെ ഗാനത്തിനാണ് കൈതപ്രത്തിന് ആദ്യ സംസ്ഥാന അവാർഡ്. 'വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂമണമൊഴുകീ" എന്ന ഗാനം ചിട്ടപ്പെടുത്തിയത് എസ്.പി. വെങ്കിടേഷ്. 1996-ൽ 'വെണ്ണിലാച്ചന്ദനക്കിണ്ണ"ത്തിലൂടെ വീണ്ടും രചനാ അവാർഡ്. ആ വർഷം ജയരാജിന്റെ 'ദേശാടന"ത്തിന് രചനയും സംഗീതവും നിർവ്വഹിച്ച് കൈതപ്രം സംഗീതസംവിധായകന്റെ തട്ടകം കൂടി സ്വന്തമാക്കി. 'ദേശാടന'ത്തിന് വേറെയും പ്രത്യേകതകളുണ്ടായിരുന്നു. മകൻ ദീപാങ്കുരൻ ആദ്യമായി പാടി: 'നാവാ മുകുന്ദാഹരേ..." ഭാര്യാപിതാവ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനേതാവായി അരങ്ങേറ്റം കുറിച്ചു...'ദേശാടന'ത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. 'കളി വീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ, ഒരു നോക്കു കാണുവാനെൻ ആത്മാവ് തേങ്ങുന്നല്ലോ -' എന്ന വരികൾ ആ ചിത്രത്തിന്റെ ആത്മാവിലേക്ക് ചേർന്നലിഞ്ഞു...
തൊട്ടടുത്ത വർഷം ലോഹിതദാസിന്റെ 'കാരുണ്യ"ത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് : 'മറക്കുമോ നീയെന്റെ മൗനഗാനം, ഒരു നാളും നിലയ്ക്കാത്ത വേണുഗാനം..." ഗാനരചനയ്ക്കും സംഗീതത്തിനും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഒരേ ഒരാളായി കൈതപ്രം, ഇന്നും ആ റെക്കാർഡ് നിലനിർത്തുന്നു...
ജയരാജിന്റെ വേറെയും എത്രയോ ചിത്രങ്ങൾ... കാരുണ്യം, കുടുംബസമേതം, കളിയാട്ടം, സോപാനം... സോപാനത്തിലൂടെ കഥാകൃത്തായും തിരക്കഥാകൃത്തായും കൈതപ്രം അരങ്ങേറി.1200 ഓളം വ്യത്യസ്തങ്ങളായ ചലച്ചിത്ര ഗാനങ്ങൾ. ഒട്ടേറെ ലളിതഗാനങ്ങളും നാടകഗാനങ്ങളും. പലതവണ സംഗീതനാടക അക്കാഡമിയുടെ നാടകഗാന അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. ശാന്തി, തീച്ചാമുണ്ടി തുടങ്ങിയ വിഖ്യാത കവിതകളിലൂടെ കവി എന്ന നിലയിലും പേര് നേടി. മഹാകവി കുട്ടമത്തിന്റെ പേരിലുള്ള കവിതാ അവാർഡും നേടി . 'മഴവില്ലിനറ്റംവരെ" എന്ന സംവിധാനത്തിലെ കന്നി സംരംഭം പൂർത്തിയാക്കാനുള്ള ഓട്ടത്തിനിടയിലാണ് ചെറിയൊരു തളർച്ചയിൽ അദ്ദേഹം വിശ്രമത്തിലായത്... എന്നാൽ തളരുന്നതായിരുന്നില്ല ആ മനസ്സ്. സദാ ഊർജ്ജപ്രവാഹിനിയായി കവിതയും സംഗീതവും ഒപ്പം നിന്നു. പ്രതിസന്ധികളെ എളുപ്പം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം കടന്നു. എഴുത്തിന്റെയും സംഗീതത്തിന്റെയും പുണ്യപ്രവാഹം ആ മഹാപ്രതിഭയെ വീണ്ടും വന്നു പുൽകിക്കൊണ്ടേയിരിക്കുന്നു.
1950 ഓഗസ്റ്റ് 4-ന് കർക്കടകത്തിലെ രേവതി നാളിൽ വിടർന്ന ജീവിതം മാതമംഗലത്തെ ഭാരതി ഗ്രന്ഥാലയത്തിലെ പുസ്തകക്കൂട്ടങ്ങൾക്കിടയിലാണ് പൂത്തുലഞ്ഞത്. ചെമ്പൈയ്ക്കു കീഴിൽ പതിനാറുവർഷം സംഗീതം അഭ്യസിച്ച് കണ്ണാടി ഭാഗവതരായി തിരിച്ചെത്തിയ അച്ഛൻ കേശവൻ നമ്പൂതിരിയുടെ ജീവിതാവസ്ഥകളിൽ പതറാതെ സ്വയം പടവെട്ടി കുതിച്ചുയർന്നതാണ് മകന്റെ ഈ സംഗീത ജൈത്രയാത്ര. വീണ്ടുമിതാ കർക്കടകത്തിലെ രേവതി വന്നെത്തിയിരിക്കുന്നു. ദാമോദരേട്ടന് എഴുപതു വയസാവുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം. സപ്തതിയുടെ സാഗരത്തികവ്, സംഗീതനിറവ്...