തിരുവനന്തപുരം: ഇന്നലെയായിരുന്നു മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഒന്നാം ചരമവാർഷികം. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ഓടിച്ച കാറിടിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും പ്രതികൾ ഇപ്പോഴും സുഖമായി വിലസുകയാണ്. കേസ് അട്ടിമറിക്കാനുളള നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.
കുറച്ച് നാളത്തെ സസ്‌പെൻഷന് ശേഷം സർവീസിൽ തിരിച്ചെത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം ഇപ്പോൾ ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. ലാബുകളിലെ കൊവിഡ് പരിശോധനയുടെ മേൽനോട്ട ചുമതലയാണ് ശ്രീറാമിന് ആദ്യം നൽകിയിരുന്നതെങ്കിലും, ഇപ്പോൾ വഹിക്കുന്നത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ചുമതലയാണ്.
കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞങ്കിലും ഇതുവരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറി പദവിയിലിരിക്കുന്നതിനാൽ ശ്രീറാമിന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ വിചാരണ വേളയിൽ സ്വാധീനിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ആരോഗ്യപ്രവർത്തകരുടെ മൊഴികൾ കേസിൽ നിർണായകമാണ്.
അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിലായിരുന്നെന്നും, ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴുണ്ടായ പരുക്കുകളാണു ശ്രീറാമിനുണ്ടായിരുന്നതെന്ന് മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. കൂടാതെ അപകടം നടക്കുന്ന വേളയിൽ മദ്യപിച്ചിരുന്നോയെന്നറിയാനായി രക്തം എടുക്കാൻ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്സും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.കേസിലെ പ്രധാന തെളിവുകളാണ് ഇവയൊക്കെ.കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ശ്രീറാമും രണ്ടാം പ്രതി വഫ ഫിറോസും. രണ്ട് പ്രാവശ്യം സമൻസ് അയച്ചിട്ടും ഇരുവരും കോടതിയിൽ ഹാജരായില്ല.
2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും, സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീർ മരിക്കുന്നത്. സിറാജ് ഓഫീസിൽ നിന്ന് വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ, അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചതെന്നും, കാർ അമിത വേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.വണ്ടിയോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. അത് വഫ നിഷേധിക്കുകയും ചെയ്തു.ഒരു ദിവസം പോലും ശ്രീറാമിന് ജയിലിൽ കിടക്കേണ്ട അവസ്ഥയും ഉണ്ടായില്ല.