കൊച്ചി: കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. നേരത്തേ പാെലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലാരെങ്കിലുമാണോ അറസ്റ്റിലായതെന്ന് വ്യക്തമല്ല. വൃദ്ധ ആക്രമണത്തിന് ഇരയായ വീട്ടിലെ സ്ത്രീയും അവരുടെ ഭർത്താവും മകനുമാണ് നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ബന്ധുക്കളുടെ പരാതിയിൽ ബലാത്സംഗത്തിനും എസ് സി, എസ്‍ ടി നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വൃദ്ധയാണ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗികമായി പീഡിപ്പിച്ചതിനാെപ്പം ആയുധങ്ങൾ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൻ കുടലിനടക്കം പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.
ഞായറാഴ്ച വൈകിട്ടാണ് ദേഹമാസകലം മുറിവുകളുമായി വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുകയിലയും ചായയും നൽകാം എന്നു പറഞ്ഞ് അയൽവാസി കൂട്ടിക്കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വൃദ്ധയുടെ മകൻ ആരോപിക്കുന്നത്.