മലപ്പുറം: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര നേതൃയോഗം വിളിച്ച് മുസ്ലീം ലീഗ്. നാളെ രാവിലെ പത്ത് മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ നിരന്തരം നടത്തുന്ന പ്രസ്‌താവനകളിൽ മുസ്ലീം ലീഗിന് കടുത്ത അമർഷമുണ്ട്. ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി കൂടി രംഗത്തെത്തിയതോടെയാണ് നേതൃ യോഗം വിളിക്കാൻ ലീഗ് നിർബന്ധിതരായത്. കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളോട് ലീഗ് അതൃപ്‌തി പ്രകടിപ്പിച്ചു. നേരത്തെ തന്നെ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സമസ്‌ത രംഗത്തെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് നടത്തുന്ന പ്രസ്‌താവനയോട് യോജിപ്പില്ലെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം. നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം മുസ്ലീം ലീഗ് നിലപാട് പരസ്യമായി പ്രഖ്യാപിക്കും. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോട് എതിർപ്പാണെന്നും എന്നാൽ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്‌ക്കുമെന്നുമാണ് കോൺഗ്രസ് നിലപാട്. കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരുന്നു.
പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ആഘോഷങ്ങൾക്ക് തുടക്കമായി അയോദ്ധ്യ നഗരം ഇന്ന് വൈകീട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാവലയത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.