bijulal

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി തട്ടിയ കേസിൽ അന്വേഷണത്തിന്റെ ഭാഗമായുളള തെളിവെടുപ്പ് ആരംഭിച്ചു. ക്രൈംബ്രാഞ്ച് സംഘവും വഞ്ചിയൂർ സി ഐയുമാണ് ട്രഷറി ഡയറക്ടറുടെ ഓഫീസിൽ തെളിവെടുപ്പ് നടത്തുന്നത്. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അതേസമയം, തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും ബിജുലാലിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ ഉടൻ പിടികൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

തട്ടിപ്പിൽ ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കൽ കോ ഓർഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് ബിജുലാലിനെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു.