തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍ സി ഐ ഗോഡൗണിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എഴുപത്തിനാലുപേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമടക്കം ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ നടന്ന പരിശോധനയിൽ ഡിപ്പോ മാനേജരടക്കം നാല് പേർ കൊവിഡ് പോസിറ്റീവായിരുന്നു.
പൊലീസ് ആസ്ഥാനത്തെ എസ് ഐയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ചില പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. അഞ്ചുതെങ്ങിൽ ഇന്ന് 50 പേരിൽ നടത്തിയ പരിശോധനയിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പഞ്ചായത്ത് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ സ്ഥിതി സങ്കീർണമായി തുടരുകയാണ്. സംസ്ഥാനത്തെ രോഗബാധിതരിൽ ഏറ്റവും കൂടുതൽ പേരുളളത് തലസ്ഥാനത്താണ്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. ചിലരുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകർക്കും പൊലീസും ബാധിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.