ms-dhoni

ന്യൂഡൽഹി: 2019ലെ ലോകകപ്പിനായി തയ്യാറെടുക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ ഭാവി എന്താവുമെന്ന് വ്യക്തമാക്കി തന്നത് മുൻ നായകൻ എം എസ് ധോണിയാണെന്ന് വെളിപ്പെടുത്തുകയാണ് യുവരാജ് സിംഗ്. ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയെക്കുറിച്ച് പരാതികൾ ഒന്നുമില്ലെന്നും യുവരാജ് പറഞ്ഞു.

“ഞാൻ തിരിച്ചുവരുമ്പോൾ വിരാട് കൊഹ്‌ലി എന്നെ പിന്തുണച്ചു. അദ്ദേഹം എന്നെ പിന്തുണച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു തിരിച്ചുവരവ് നടത്തുമായിരുന്നില്ല. എന്നാൽ 2019 ലോകകപ്പിനെക്കുറിച്ചും എന്തുകൊണ്ടാണ് സെലക്ടർമാർ എന്നെ തിരഞ്ഞെടുക്കാത്തത് എന്നത് സംബന്ധിച്ചും ധോണിയാണ് എനിക്ക് ശരിയായ ചിത്രം കാണിച്ചു തന്നത്”-യുവരാജ് പറഞ്ഞു.

2011 ലോക കപ്പ് വരെ ധോണിക്ക് എന്നിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു, ‘നിങ്ങളാണ് എന്റെ പ്രധാന കളിക്കാരൻ’ എന്ന് എന്നോടു പറയാറുണ്ടായിരുന്നു. എന്നാൽ അസുഖം ഭേദമായി മടങ്ങിയെത്തിയ ശേഷം കളി മാറി. ടീമിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതിനാൽ, 2015 ലോകക്കപ്പിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്ക് തന്നെ വിശ്വാസമുണ്ടായിരുന്നില്ലെന്ന് യുവരാജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിനു പിന്നാലെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോക കപ്പിലും 2011-ലെ ഏകദിന ലോക കപ്പിലും നിര്‍ണായക സാന്നിദ്ധ്യമായത് യുവിയായിരുന്നു.