chaitra

കോഴിക്കോട് : സഹോദരിയുടെ പാതയിൽ നേട്ടം കൈവരിച്ച് സഹോദരനും. ഒരു വീട്ടിൽ സിവിൽ സർവീസ് ലോകത്തേക്ക് എത്തുന്ന മൂന്നാമത്തെയാൾ എന്ന പ്രത്യേകതയുമുണ്ട് ഈ നേട്ടത്തിന്. എസ്.പി ചൈത്ര തെരേസ ജോണിന്റെ സഹോദരൻ ഡോക്ടർ ജോർജ് അലൻ ജോണാണ് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം നേടിയിരിക്കുന്നത്. 156ാം റാങ്കാണ് എം.എസ് ഓർത്തോപീഡിക്സ് സർജൻ കൂടിയായ ജോർജിന്. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ജോർജ് ഇപ്പോൾ.

ആരോഗ്യ സർവകലാശാല എം.എസ് ഓർത്തോപീഡിക്സ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ കൂടിയായിരുന്നു ജോർജ്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് ജോർജ് എം.ബി.ബി.എസ് കരസ്ഥമാക്കിയത്. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയ സ്കൂളിലായിരുന്നു ജോർജിന്റെ സ്കൂൾ വിദ്യാഭ്യാസം.

ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടർ ജോൺ ജോസഫിന്റെ മക്കളാണ് തെരേസയും ജോർജും. കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയായ ജോൺ ജോസഫ് കേന്ദ്ര ധനകാര്യ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായാണ് വിരമിച്ചത്. ജോർജിന്റെയും തെരേസയുടെയും അമ്മ മേരി എബ്രഹാം ആനിമൽ ഹസ്ബന്ററി ജോയിന്റ് ഡയറക്ടറായാണ് വിരമിച്ചത്.

കേരള കേഡർ ഉദ്യോഗസ്ഥയായ ചൈത്രയ്ക്ക് 2015 സിവിൽ സർവീസ് പരീക്ഷയിൽ 111 ാം റാങ്കുണ്ടായിരുന്നു. നിലവിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എസ്.പിയാണ് ചൈത്ര. ജോർജിനും ഐ.പി.എസ് ലഭിക്കാനാണ് സാദ്ധ്യത. എന്നാൽ ഏത് കേഡറാകുമെന്ന് ഇപ്പോൾ അറിയാനാകില്ല. വരും ദിവസങ്ങളിൽ തന്നെ അക്കാര്യം അറിയാൻ സാധിക്കും.