supreme-court

ന്യൂഡൽഹി: രാജ്യത്ത് വയോജനങ്ങൾക്കെല്ലാം യഥാസമയം പെൻഷൻ വിതരണം ചെയ്യണമെന്നും രാജ്യത്തൊട്ടാകെയുള്ള വൃദ്ധസദനങ്ങളിൽ താമസിക്കുന്നവർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ), സാനിറ്റൈസർ, ഫെയ്‌സ് മാസ്കുകൾ എന്നിവ നൽകണമെന്നും സുപ്രീം കോടതി. പ്രായമായവർ രാജ്യത്ത് ദുരിതം അനുഭവിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ അശ്വനി കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

പകർച്ചവ്യാധി സമയത്ത് പ്രായമായവർക്ക് പെൻഷൻ യഥാസമയം എത്തിക്കേണ്ടത് അത്യാവശ്യമാണ്. കോടിക്കണക്കിന് പ്രായമായ ആളുകൾ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻഗണന നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർ ആവശ്യങ്ങൾ ഉന്നയിച്ചാൽ അവ സംസ്ഥാന സർക്കാരുകൾ ഉടൻ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അപേക്ഷയ്ക്ക് മറുപടി നൽകാൻ കേന്ദ്രസർക്കാർ‌ ഒരാഴ്ച ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ അത് എതിർക്കുകയും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്‌തു. കൊവിഡുമായി ബന്ധപ്പെട്ട് പ്രായമായവരെ വിവേചനമില്ലാതെ ചികിത്സിക്കാൻ നിർദേശം നൽകണമെന്ന മറ്റൊരു അപേക്ഷയും ബെഞ്ച് പരിഗണിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കേന്ദ്രസർക്കാർ നൽകിയ മറുപടി.

രാജ്യത്ത് നിലനിൽക്കുന്ന പകർച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് 2018 ഡിസംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കണമെന്ന് ഹർജി പരിഗണിക്കവെ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പത്ത് കോടിയിലധികം വയോജനങ്ങളുടെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് 2018 ഡിസംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. അന്ന് ഓരോ ജില്ലയിലെയും വയോജനങ്ങൾ താമസിക്കുന്ന വീടുകളുടെ എണ്ണം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ നേടാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.