മാഡ്രിഡ്: സ്‌പെയിനിലെ മുൻ രാജാവ് ജുവാൻ കാർലോസ് അഴിമതി ആരോപണത്തെത്തുടർന്ന് രാജ്യം വിട്ടു. എവിടേക്കാണ് പോകുന്നതെന്ന് 82കാരനായ ജുവാൻ വ്യക്തമാക്കിയിട്ടില്ല. നിലവിലെ രാജാവും ജുവാന്റെ മകനുമായ ഫിലിപ്പെയ്ക്ക് അയച്ച കത്തിലാണ് രാജ്യം വിടുന്ന കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ കേസുകൾ മകന്റെ സ്വസ്ഥഭരണത്തിന് തടസമാകരുതെന്ന് കരുതിയാണ് ഇത്തരമൊരു ഹൃദയഭേദകമായ തീരുമാനമെടുക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർക്ക് തന്നെ കാണാനോ വിസ്തരിക്കാനോ താത്പര്യമുണ്ടെങ്കിൽ ഉറപ്പായും അവർക്ക് മുന്നിലെത്തുമെന്നും കത്തിൽ പറയുന്നു. സൗദി അറേബ്യയിലെ അതിവേഗ റെയിൽ കോൺട്രാക്ടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജുവാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്‌പെയിൻ സുപ്രീംകോടതി ഇക്കഴിഞ്ഞ ജൂണിൽ ഒരു അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ജുവാൻ അജ്ഞാതവാസത്തിനൊരുങ്ങിയത്. എന്നാൽ, മുൻ രാജാവ് ഡൊമിനിക്കൻ റിപ്പബ്ളിക്കിലുണ്ടെന്ന് സ്പെയിൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.