''നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിൻ മേലെ..."" എന്ന ആലങ്കാരികമായ പ്രയോഗം പാട്ടിലൂടെ എല്ലാവരും കേട്ടിരിക്കുമല്ലോ. നീലക്കൊടുവേലി സങ്കല്പമാണെങ്കിലും പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഒരു പുഷ്പോത്സവത്തിന്റെ പ്രതീതിയുമായി നീലക്കുറിഞ്ഞി ഈ മലമുകളിൽ പൂത്തുലയാറുണ്ട്. ഇത് നീലഗിരിക്കുന്നുകൾ മുതൽ നമ്മുടെ മൂന്നാർവരെയും വ്യാപിച്ചുകിടക്കും. വ്യാഴവട്ടത്തിലൊരുക്കുന്ന ഈ അപൂർവ്വമായ കാഴ്ച കാണേണ്ടതുതന്നെയാണ്. എള്ളിൻ പൂവിനു സമാനമായ പൂക്കളാണ് ഇത്. എള്ളിനു വെളുപ്പുനിറമാണെങ്കിൽ ഇതിനു ഇളം വയലറ്റ് നിറമാണ്. പൂങ്കുലയ്ക്കും വ്യത്യാസമുണ്ട്. നിരവധി മൊട്ടുകളുടെ ഒരു നീണ്ട നിരയാണ് ഇവയുടെ പൂങ്കുല. ആയതുകൊണ്ടുതന്നെ ആദ്യം വിടർന്നു തുടങ്ങിയതു മുതൽ അവസാനത്തേത് വരെ പൂത്തുവരണമെങ്കിൽ വളരെ ദിവസങ്ങൾ വേണ്ടിവരും. ഈ പൂക്കാലം കുറെ നാൾ നീണ്ടു നിൽക്കുമെന്ന് സാരം ! വലുതും ചെറുതുമായ എല്ലാചെടികളും ഒരേ സമയം തന്നെ പവിടുന്നതിനാൽ ആ സമയം ഈ മലയായ മലമുഴുവനും ഒരു വയലറ്റ് പരവതാനി വിരിച്ചതുപോലെ തോന്നിക്കും.
അങ്ങനെയൊരിക്കൽ ഈ വിവരം കേട്ടറിഞ്ഞ കുറെ കോഴിക്കോടൻ സുഹൃത്തുക്കൾ കാറുമായി ഇവിടെ എത്തി. അവരോടൊപ്പം ഈ പൂക്കാലം പകർത്താനായി പുറപ്പെട്ടു. മഞ്ചൂർ എന്ന സ്ഥത്തേക്കാണ് പോയത്. അവിടെ റോഡിന്റെ തൊട്ടരികിൽ നിന്നുതന്നെ നല്ലരീതിയിൽ ഈ പൂക്കാലദൃശ്യംകണ്ടു തുടങ്ങുമെന്ന് ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞിരുന്നു. അവിടെ എത്തിപ്പോൾ കേട്ടറിഞ്ഞതിനേക്കാൾ ഏറെ മനോഹരമായിരുന്നു ആ കാഴ്ച. കൂടെയുണ്ടായിരുന്നവരെല്ലാം ആ പൂന്തോട്ടത്തിലേക്കു ഇടിച്ചുകയറി. ഞെല നല്ല ആംഗിൾ നോക്കി ഒരു ചെറിയ അരുവി ഒഴുകുന്നതിന്റെ ഓരത്തുകൂടി ഈ ചെടികൾക്കിടയിലേക്കു കയറാൻ ശ്രമിച്ചു. അപ്പോഴാണ് അവിടെ ഒരു അപകട സൂചന കണ്ടത്. ഈ കാട്ടിലെ നീർച്ചാലിന്റെ അടുത്തും സമീപത്തുള്ള ചെറിയ ചെടികളുടെ ഇലകളിലും ഇരിക്കുന്നു കുള അട്ടകൾ കുഞ്ഞു തുമ്പിക്കൈകൾ എന്റെ നേരെ നീട്ടുന്നത് കണ്ടത്. എനിക്ക് ഏറെ അറപ്പും വെറുപ്പുമുള്ള ഒരു സംഗതിയാണ് ഇവ. ഞാൻ എങ്ങനെ തിരിച്ചു കാറിനടുത്തെത്തി എന്നറിയില്ല ! ഷൂവും സോക്സും ഒക്കെയൂരി ആപാദചൂഡം ഒന്ന് പരിശോധിച്ച ശേഷം മറ്റൊരുവഴിയെ കയറി . അങ്ങോട്ട് നടക്കുമ്പോൾ ഒരുവശത്തായി വഴുതനയുടെ രീതിയിലുള്ള ഒരു കാട്ടുചെടിയിലെ ചെറിയ പൂവ് കണ്ണിൽ പ്പെട്ടു. ഏതാണ്ട് ഒരു തുമ്പപ്പൂവിനോളമേ അതിനു വലിപ്പമുള്ളൂ. ഒരു വിളക്കിന്റെ ആകൃതിയും. എന്നാൽ അടുത്തു ചെന്നപ്പോൾ , ചില അമ്പലങ്ങളിൽ കാണാറുള്ള കുത്തുവിളക്കിന്റെ തിരിയിട്ടു കത്തിക്കുന്ന ഭാഗംപോലെ തോന്നി. എന്നു മാത്രമല്ല വിളക്കിലെ തിരിപോലെ അതിന്റെ സ്റ്റെമൻ പുറത്തേക്ക് കാണുന്നുണ്ടായിരുന്നു. ആരും ഗൗനിക്കാതെ പോയ ഒരു കാട്ടുപൂവിന്റെ മാക്രോഷോട്ടാണ് ഇത്. കൊട്ടിഘോഷിച്ചു വന്നു എടുത്ത ആദ്യം പറഞ്ഞ നീലക്കുറിഞ്ഞിപ്പൂക്കളേക്കാൾ ഇതിന്റെ പ്രത്യേകത എനിക്ക് കൂടുതൽ ആകർഷകമായി തോന്നി.