dog

നായ സെയിൽസ്‌മാനായ കാർഷോറൂം. സംശയിക്കേണ്ട സംഗതി സത്യമാണ്. ബ്രസീലിലെ ഒരു ഹ്യുണ്ടായ് ഷോറൂമിലാണ് നായയെ സെയിൽസ്‌മാനായി നിയമിച്ചത്. ട്യൂസൺ എന്ന തെരുവുനായയാണ് ‌ ഈ ഭാഗ്യവാൻ. മീറ്റിംഗും മറ്റുമായി കക്ഷി എപ്പോഴും തിരക്കിലാണത്രേ. തിരിച്ചറിയൽ കാർഡും തൂക്കി ജോലിചെയ്യുന്ന ട്യൂസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം ലോകം അറിഞ്ഞത്. പ്രശസ്ത സിനിമാ താരങ്ങളെപ്പോലും പിന്തളളി ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുകയാണ് ട്യൂസണിപ്പോൾ. ഒരു തെരുവു നായയെ ജീവനക്കാരനായി നിയമിക്കാൻ തീരുമാനിച്ച ഷോറൂം നടത്തിപ്പുകാരെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

കുഞ്ഞായിരുന്ന ട്യൂസനെ ഷോറൂമിന് സമീപത്ത് ആരോ ഉപേക്ഷിക്കുകയായിരുന്നു. അധികം വൈകാതെ ഷാേറൂമിലെ ജീവനക്കാരുമായി കൂട്ടായി. അവരായിരുന്നു അവന് ആഹാരം നൽകിയിരുന്നത്. ജീവനക്കാർ തന്നെയാണ് പേരിടലും നടത്തിയത്. കുറച്ചുനാൾ കഴിഞ്ഞതോടെ ഷാേറൂമിലെ കാവൽ ജോലി സ്വയം ഏറ്റെടുത്തു. എല്ലായിടത്തും അവന്റെ കണ്ണെത്തും. അപരിചിതരെ ഷോറൂമിന്റെ ഏഴയലത്ത് അടുപ്പിക്കില്ല. ജീവനക്കാരോ കസ്റ്റമേഴ്സോ എത്തിയാൽ നോ പ്രോബ്ളം. വാലാട്ടി അവരുടെ പുറകേ നടക്കും. കസ്റ്റമേഴ്സിനെ വാഹനത്തിന് അടുത്തെത്തിച്ചതിന് ശേഷമേ മടങ്ങൂ. ഇതിന് പ്രതിഫലമായി കസ്റ്റമേഴ്സ് എന്തെങ്കിലും നൽകിയാൻ അവൻ വാലാട്ടിക്കൊണ്ട് അത് നിരസിക്കും.

ഇങ്ങനെയിരിക്കെയാണ് കഴിഞ്ഞ മേയിൽ ഷോറൂമിലെ ജീവനക്കാരനായി നിയമിക്കാൻ തീരുമാനിച്ചത്. സെയിൽസ്‌മാൻ എന്ന പോസ്റ്റിലാണ് നിയമനമെങ്കിലും ഷോറൂമിന്റെയും വാഹങ്ങങ്ങളുടെയും സുരക്ഷാ ചുമതലയാണ് പ്രധാന ജോലി. ട്യൂസനായി പ്രത്യേക ഇരിപ്പിടവും വിശ്രമിക്കാനായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് മീറ്റിംഗുകളിലും അവൻ തലകാണിക്കും. പക്ഷേ, ഒരക്ഷരം മിണ്ടില്ല. ട്യൂസന്റെ കാര്യങ്ങൾ നോക്കാൻ ജീവനക്കാർ തമ്മിൽ മത്സരമാണത്രേ. നായയെ ജീവനക്കാരനായി നിയമിച്ചതിൽ ജീവനക്കാർക്കെല്ലാം സന്തോഷം മാത്രം.