shailaja

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതനുസരിച്ച് കൊവിഡ് രോഗം ഗുരുതരമായി അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമെ കൊവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരാൾ കൊവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരണമടഞ്ഞതെങ്കിൽ അപ്പോൾ തന്നെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. കൊവിഡ് ബാധിച്ച ഒരാൾ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാൽ അതിനെ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടയുന്നുവെങ്കിൽ പോസിറ്റീവാണെങ്കിൽ പോലും കൊവിഡ് മരണത്തിൽ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കൊവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങൾ ഉണ്ടെങ്കിൽ പോലും കൊവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാൽ അതിനെ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ടെന്നും മന്ത്രി പറ‌ഞ്ഞു.

കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തിയില്ല എന്ന് ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ പേരുകൾ പലതും തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥിരീകരണത്തിന് ശേഷം സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയാത്തവ ഒഴിവാക്കിയിട്ടുമുണ്ട്. ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.