സ്കൂൾ ഒഫ് ഡ്രാമയിൽ അഭിനയം പഠിക്കാനെത്തിയപ്പോൾ സ്വന്തം വഴി തിരിച്ചറിഞ്ഞൊരാളാണ് ഗാർഗി അനന്തൻ. 'റൺ കല്യാണി" എന്ന സിനിമയിലൂടെ ഇക്കഴിഞ്ഞ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി ഗാർഗി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആ തിരിച്ചറിവ് സത്യമായിരുന്നെന്ന് കാലം അടയാളപ്പെടുത്തി. അഭിനയത്തെ പ്രണയിക്കുന്ന, മനുഷ്യരെ കണ്ടുകണ്ട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളായി മാറാൻ ആഗ്രഹിക്കുന്ന ഗാർഗി സംസാരിക്കുന്നു.
കല്യാണിയിലെത്തിയത്
ഞാനൊരു തീയറ്റർ ആർട്ടിസ്റ്റാണ്. ഈട സിനിമയുടെ സംവിധായകൻ അജിത് കുമാറിന്റെ ഭാര്യ സുനിതചേച്ചിയുടെ പ്രൊഫൈലിൽ നിന്നാണ് സിനിമയുടെ അറിയിപ്പ് കണ്ടതും അങ്ങനെ ചേച്ചി വഴി അവിടെയെത്തുന്നതും. സംവിധായിക ജെ. ഗീത, എന്റെ ഗീതേച്ചി ലളിതമായി കഥ പറഞ്ഞു തന്നു. സ്വഭാവത്തിലും രൂപത്തിലും യാതൊരുവിധ സാദൃശ്യവുമുണ്ടായിരുന്നില്ല ഞാനും കല്യാണിയുമായി. സാരിയുടുത്ത് തന്നെ വലിയ ശീലവുമുണ്ടായിരുന്നില്ല. ആദ്യം സുനിതേച്ചി സഹായിച്ചു, പിന്നൊരു ദിവസം അവർക്ക് വരാൻ കഴിയാതെ വന്നപ്പോൾ ഗീതേച്ചിയും ഞാനും കുറേ നേരമെടുത്താണ് സാരിയൊന്നു ഉടുത്തെടുത്തത്. പതിയെ ഞാൻ പഠിച്ചു. അങ്ങനെ ഓരോ ചെറിയ ചെറിയ കാര്യങ്ങളും പഠിച്ചു പഠിച്ചാണ് മുന്നോട്ടു പോയത്. പിന്നീട് ഷൂട്ടിനുവേണ്ടി സാരി ഉടുക്കുമ്പോൾ കല്യാണിയെ മനസിൽ വിചാരിച്ചായിരുന്നു ചെയ്തത്. കല്യാണിയുടെ ശരീരഭാഷയൊക്കെ ഇത്തിരി സമയമെടുത്താണ് മനസിലാക്കിയത്.
നാടക വഴികൾ
നാടകം പഠിപ്പിക്കുന്ന ഒരു സ്ഥലം കേരളത്തിലുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു. നാടകാഭിനയം എന്നല്ലാതെ അതിൽ എന്തെങ്കിലും കരിയറുണ്ടോ എന്നും വിചാരിച്ചിട്ടില്ല. പ്ളസ്ടു കഴിഞ്ഞശേഷം കാനഡയിലേക്ക് തുടർപഠനത്തിനായി പോകണമെന്നായിരുന്നു. പക്ഷേ, വിസ കിട്ടാൻ താമസിച്ചു. സൈക്കോളജി ഉൾപ്പെടെ ചില കോഴ്സുകളിൽ അഡ്മിഷൻ ശരിയായി. ഇതിൽ ഏതിൽ പോകണമെന്ന് ആലോചിക്കുമ്പോഴാണ് സ്കൂൾ ഒഫ് ഡ്രാമയുടെ അപേക്ഷ കണ്ട് അയച്ചു നോക്കാൻ അച്ഛൻ പറഞ്ഞത്. ആ സമയത്തും വിസയുടെ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ എൻട്രൻസും ഇന്റർവ്യൂവും കഴിഞ്ഞു. അവിടെ എത്തിയപ്പോഴാണ് ഇനി ഞാൻ മറ്റൊരിടത്തും പോകില്ലെന്ന് എനിക്ക് മനസിലായത്, എനിക്ക് വേണ്ടത് ഇതായിരുന്നു എന്ന തിരിച്ചറിവും ആ നിമിഷമായിരുന്നു.
അഭിനയമാണ് പ്രാണൻ
സ്കൂൾ ഒഫ് ഡ്രാമയിലെത്തുന്നതിന് മുമ്പ് അത്രയധികം നാടകങ്ങൾ ഞാൻ കണ്ടിരുന്നില്ല. അവിടെ എത്തുന്നതിന് മുമ്പ് ഇത്ര ആഴത്തിലുള്ള വിഷയമാണ് നാടകപഠനം എന്നും അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോൾ ആദ്യം കണ്ടത് ഞങ്ങളുടെ സീനിയേഴ്സിന്റെ നാടകമായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടുവർഷം കഴിഞ്ഞാൽ ഞാനും ഇതേ പോലെ ചെയ്യേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ പേടിയും തോന്നി. പിന്നീട് എനിക്ക് മനസിലായി, നമ്മൾ നമ്മളെയാണ് ആദ്യം പഠിച്ചെടുക്കുന്നതെന്ന്, പിന്നീടാണ് നമ്മൾ കഥാപാത്രങ്ങളെ മനസിലാക്കുന്നത്. അവിടെ പഠിക്കുമ്പോഴാണ് ഞാൻ ആരാണെന്ന് പോലും സത്യത്തിൽ തിരിച്ചറിഞ്ഞത്. അവിടെ നടക്കുന്ന ചർച്ചകളും സംവാദങ്ങളും നമ്മളെ ഒരുപാട് ചിന്തിപ്പിക്കും. ഒരിക്കൽ അവിടെ ഒരു പ്രസംഗം കേൾക്കാൻ പോയി. പ്രസംഗങ്ങൾ കേട്ട് ഒട്ടും പരിചയമില്ല. എനിക്കൊന്നും മനസിലാകുന്നില്ലെന്ന് മാഷിനോട് പറഞ്ഞപ്പോൾ, വന്നല്ലേയുള്ളൂ.. കേട്ട് കേട്ട് മനസിലാകുമെന്നായിരുന്നു മാഷിന്റെ മറുപടി. അത് സത്യവുമായിരുന്നു. നാടകം പഠിപ്പിക്കുന്നു എന്നതിനേക്കാൾ, നമ്മുടെ വഴിയാണ് അവിടെ കാണിച്ചു തരുന്നത്. അത് കണ്ടെത്തി സ്വയം കൂട്ടിച്ചേർത്തുവേണം മുന്നോട്ടുപോകാൻ. ഇന്നതാണ് ശരി, ഇതാണ് തെറ്റ് എന്ന് ആരും പറയുന്നില്ല. കലയിൽ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മാത്രമേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം.
അഭിനയം മാത്രമാണ് ഉള്ളിൽ
ഇത്ര വലിയ നേട്ടമുണ്ടായിട്ട്, തിരിച്ചറിഞ്ഞോ എന്ന് പലരും ചോദിക്കുന്നുണ്ട്. ആ സിനിമ ആളുകളിലെത്തിയിട്ടില്ല, ഫിലിം ഫെസ്റ്റിവലുകളിൽ മാത്രമാണ് വന്നത്. ജനങ്ങളിലെത്തിയില്ല എന്നതിൽ വിഷമമുണ്ട്. സ്വതന്ത്രമായി ചെയ്യുന്ന കലാമൂല്യമുള്ള കുറേ സിനിമകളും ഇതേ അവസ്ഥയിലാണ്. സാമ്പത്തികം പ്രശ്നമായതിനാൽ ജനങ്ങളിലെത്തുന്നില്ല. തീവ്രാനുഭവങ്ങളുള്ള എത്രയോ ചിത്രങ്ങൾ ഇങ്ങനെയുണ്ട്. ഗീതേച്ചി സിനിമ മനസിലിട്ട് നടന്നത് പത്തുവർഷമാണ്. 'റൺ കല്യാണി" എങ്ങനെ കാണും എന്ന് തിരക്കുമ്പോൾ അതിനുള്ള ഫണ്ട് ആരു തരും, അതാണ് ചോദ്യം. സിനിമ, നാടകം എന്നിങ്ങനെ വേർതിരിച്ചു കാണുന്നില്ല. എന്റെ തൊഴിൽ അഭിനയമാണ്. സിനിമ, നാടകം അങ്ങനെ മാദ്ധ്യമങ്ങൾ മാറുമെന്ന് മാത്രം. ഓരോ കഥാപാത്രം ചെയ്യുമ്പോഴും നമ്മളിലേക്ക് എന്തോ ഒന്ന് വന്നു ചേരുകയാണ്. നല്ല ക്രൂ, നല്ല സിനിമകൾ, നല്ല മനുഷ്യർ ഇതൊക്കൊയാണ് എന്റെ സ്വപ്നം.
എന്റെ ജീവിതം എന്റേതാണെന്ന് മനസിലാക്കുന്ന രണ്ടുപേരാണ് അച്ഛൻ അനന്തനും അമ്മ മേരിയാനും. ഇഷ്ടമുള്ളത് എനിക്ക് ചെയ്യാം. എന്റെ സന്തോഷമാണ് അവരുടെയും സന്തോഷം. എന്റെ നേട്ടങ്ങളിലെല്ലാം വലുതായി അഭിമാനിക്കുന്നത് അവരാണ്. ആ ചിരിയാണ് എന്നെ ഹരം കൊള്ളിക്കുന്നത്. ഇന്നതാണ് ചെയ്യേണ്ടതെന്ന് ഒരിക്കലും നിർബന്ധിച്ചിട്ടില്ല. ചിലപ്പോൾ പറയും, അതിന്റെ വരുംവരായ്കകൾ സൂചിപ്പിച്ചെന്നുമിരിക്കും, പക്ഷേ തീരുമാനം എനിക്ക് തന്നെ വിട്ടുതരും. ഒന്നും അടിച്ചേൽപ്പിക്കാറില്ല. അനിയൻ വിനായകൻ പ്ളസ്ടുവിന് പഠിക്കുന്നു.