jane-toppan

സീരിയൽ കില്ലർമാരുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീ... അതാണ് ' ജോളി ജെയ്ൻ ' ! ഈ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് കൂടാത്തായിക്കേസിലെ പ്രതി ജോളിയെ ഓർമ വരാം. ജോളിയുടെ ആയുധം സയനൈഡ് ആയിരുന്നെങ്കിൽ ' ജോളി ജെയ്ൻ ' എന്ന സ്ത്രീയുടെ ആയുധം എലി വിഷം ആയിരുന്നു.

' ഏയ്ഞ്ചൽ ഒഫ് ഡെത്ത് ' എന്നറിയപ്പെടുന്ന ജോളി ജെയ്ൻ 31 പേരെയാണ് കൊലപ്പെടുത്തിയത്. ജെയ്ൻ ടോപ്പൻ എന്നായിരുന്നു നഴ്സ് കൂടി ആയിരുന്ന ജോളി ജെയ്നിന്റെ ശരിക്കുമുള്ള പേര്. 1857ൽ അയർലൻഡിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടംബത്തിലാണ് ജെയ്ൻ ജനിച്ചത്. ഹൊണോറ കെല്ലി - ഇതായിരുന്നു ജെയ്നിന് മാതാപിതാക്കൾ നൽകിയ പേര്. പിന്നെയെങ്ങനെയാണ് ഹൊണോറ കെല്ലി, ജെയ്ൻ ടോപ്പൻ ആയി മാറിയത് ? അതിന് പിന്നിലൊരു കഥയുണ്ട്.

ജെയ്നിന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ജെയിനെ അനാഥാലയത്തിലാക്കുകയും ചെയ്‌തു. അനാഥാലായത്തിൽ വളർന്ന ജെയ്നെ, ആൻ ടോപ്പൻ എന്ന സ്ത്രീ ദത്തെടുത്തു. എന്നാൽ ജെയ്നിന്റെ ദുരിതങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്.

ആൻ ടോപ്പനാണ് ഹൊണോറ കെല്ലിയെന്ന പേരിന് പകരം ജെയ്ൻ ടോപ്പൻ എന്ന പേര് നൽകിയത്. പക്ഷേ, ആൻ ടോപ്പന്റെ വസതിയിൽ ഒരു വീട്ടു ജോലിക്കാരിയെ പോലെ കഴിഞ്ഞ ജെയ്നിന്റെ ജീവിതം ദുരിതപൂർണമായിരുന്നു. നിരന്തരമായി അവഗണനകൾ നേരിട്ടതോടെ ആൻ ടോപ്പന്റെ മകൾ എലിസബത്തിനോട് ജെയ്നിന് കടുത്ത ദേഷ്യം ഉണ്ടായി. പഠന ശേഷം ജെയ്നിന് അമേരിക്കയിലെ കേംബ്രിഡ്ജ് ഹോസ്‌പിറ്റലിൽ നഴ്സായി ജോലി കിട്ടി.

ബാല്യത്തിലെ ഒറ്റപ്പെടലും അവഗണനകളും അപ്പോഴേക്കും ജെയിനിന്റെ മനോനിലയെ കാര്യമായി ബാധിച്ചിരുന്നു. ആശുപത്രിയിലെ രോഗികളിൽ ജെയ്ൻ മോർഫിൻ ഉൾപ്പെടെയുള്ള മയക്കു മരുന്നുകൾ അമിതമായി കുത്തിവച്ചു. ജീവന് വേണ്ടി പിടയുന്ന രോഗികൾക്കൊപ്പം കിടക്കുന്നതും ജെയ്ൻ പതിവാക്കി. ഒട്ടും വൈകാതെ തന്നെ ജെയ്നിന് ജോലി നഷ്‌ടമായി. പിന്നീട് മറ്റൊരു ഹോസ്‌പിറ്റലിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇതേ പ്രവൃത്തി കാരണം ജോലി നഷ്‌ടമായി.

jane-toppan

ഒടുവിൽ 1891ൽ ജെയ്ൻ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്ന ഒരു പ്രൈവറ്റ് നഴ്സ് ആയി മാറി. മയക്കു മരുന്നുകൾ കുത്തി വച്ച് രോഗികളെ ദ്രോഹിച്ചിരുന്ന ജെയ്ൻ ഇതോടെ കൊടും വിഷം കുത്തി വച്ച് രോഗികളുടെ ജീവനെടുക്കാൻ തുടങ്ങി. എലിവിഷവും മറ്റും ഉപയോഗിച്ചായിരുന്നു ജെയ്ൻ കൊലനടത്തിയത്.

1895ലായിരുന്നു ആദ്യ കൊല. ഒരു സംശയവും ഉണ്ടാക്കാത്ത തരത്തിലായിരുന്നു ജെയ്നിന്റെ നീക്കങ്ങൾ. അതുകൊണ്ട് തന്നെ രോഗിയുടെ മരണം സ്വാഭാവികമായി പലരും കരുതി.

പതിയെ രോഗിയുടെ ബന്ധുക്കളെയും കൊല്ലാൻ തുടങ്ങിയതോടെ ജെയ്നിന് നേരെ അന്വേഷണം ആരംഭിച്ചു. 1901ൽ ജെയ്ൻ അറസ്‌റ്റ് ചെയ്യപ്പെട്ടു. 31 പേരെ ജെയ്ൻ കൊന്നതായി തെളിഞ്ഞു. ജെയ്നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരും, ആൻ ടോപ്പന്റെ മകളും ജെയ്നിന്റെ ആജന്മ ശത്രുവായ എലിസബത്തും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിലധികം പേരെ ജെയ്ൻ കൊന്നിരിക്കാമെന്നാണ് പറയപ്പെടുന്നത്.

' ഈ ലോകത്ത് ഏറ്റവും അധികം പേരെ കൊന്നയാളാകണം എനിക്ക് ' ഇതാണ് ഒരു കുറ്റബോധവുമില്ലാതെ കോടതിയിൽ ജെയ്ൻ പറഞ്ഞ വാക്കുകൾ. തുടർന്ന് ജെയ്നെ മാനസിക രോഗ ആശുപത്രിയിലേക്ക് മാറ്റി. 1938ൽ ആശുപത്രിയിൽ കഴിയവെ അമേരിക്കയെ വിറപ്പിച്ച ' മരണത്തിന്റെ മാലാഖ ' 81ാം വയസിൽ മരണത്തിന് കീഴടങ്ങി. മനുഷ്യരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ സീരിയൽ കില്ലർമാരുടെ പേരുകൾ പരിശോധിച്ചാൽ അതിൽ മുന്നിലുണ്ടാകും മരണത്തിന്റെ മാലാഖയായ ജെയ്നിന്റെ പേര്.