ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്‌പാലിനുമെതിരെയുളള കോടതിയലക്ഷ്യ കേസിൽ വാദം പൂർത്തിയായി. പ്രശാന്ത് ഭൂഷണ് വേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ് ധവാനും തരുൺ തേജ്‌പാലിനു വേണ്ടി കപിൽ സിബലും ഹാജരായി. കോടതിയലക്ഷ്യ കേസ് എടുക്കാൻ മുൻകൈയെടുത്ത മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും വാട്സ് ആപ്പ് വീഡിയോ കോൾ വഴി സുപ്രീംകോടതി നടപടികളിൽ പങ്കെടുത്തു. ജസ്‌റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുളള മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
സുപ്രീംകോടതിയിലെ ചീഫ് ജസ്‌റ്റിസുമാരായ 16 പേരിൽ ഭൂരിഭാഗവും അഴിമതിക്കാരാണെന്നായിരുന്നു 2009ൽ പ്രശാന്ത് ഭൂഷൺ തെഹൽക്കയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. ഒരു കൈകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനും മറുകൈകൊണ്ട് നീതിന്യായ വ്യവസ്ഥയ്‌ക്കും വേണ്ടി നിലനിൽക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ജുലായ് 22ന് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെയും ചീഫ് ജസ്‌റ്റിസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതിന് സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തിരുന്നു. പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത രണ്ട് പോസ്‌റ്റുകൾക്ക് എതിരെയായിരുന്നു സുപ്രീംകോടതി കേസെടുത്തത്. ജുഡീഷ്യറിക്കെതിരെ അപഖ്യാതി പരത്തുന്നതായാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന്റെ അഭിപ്രായപ്രകടനങ്ങളെ കണ്ടത്. എന്നാൽ ഇതിനെതിരെ 142 പേജുളള മറുപടിയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ എത്രതന്നെയായാലും കോടതിയലക്ഷ്യമായി കാണാനാകില്ലെന്ന് പ്രശാന്ത്ഭൂഷൺ കോടതിയെ അറിയിച്ചു.