തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 291ആം റാങ്ക് നേടിയ മലയാളിയായ ആശിഷ് ദാസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ എട്ട് വർഷമായി ആശിഷ് കൊല്ലം പത്തനാപുരം ഫയർ സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഡ്യൂട്ടിക്കിടെ അറിഞ്ഞ വിജയ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആശിഷ് സ്വീകരിച്ചത്. ആശിഷിന്റെ വിജയത്തിൽ സഹപ്രവർത്തകരും പങ്കാളിയായി.
തന്റെ വിജയം കൊവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു ആശിഷിന്റെ ആദ്യ പ്രതികരണം. മെഡിക്കൽ രംഗത്തുള്ള ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്ക് തന്റെ വിജയം സമർപ്പിക്കുന്നുവെന്നും അവരാണ് കൊവിഡ് കാലത്തെ ഹീറോസെന്നും ആശിഷ് പറയുന്നു. ഫയർ ഫോഴ്‌സിൽ അല്ലായിരുന്നു ജോലി ചെയ്‌തിരുന്നതെങ്കിൽ തനിക്ക് സിവിൽ സർവീസ് കിട്ടില്ലായിരുന്നുവെന്നും അത്രയ്ക്ക് പിന്തുണയാണ് ഒപ്പമുള്ളവർ നൽകിയതെന്നും ആശിഷ് പറഞ്ഞു.