sipson-island

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്ത് അതിമനോഹരമായ ഒരു ദ്വീപ്. 3 നൂറ്റാണ്ടുകളായി ഇവിടേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ 300 വർഷത്തിന് ശേഷം ഇതാദ്യമായി ഇവിടേക്ക് ടൂറിസ്റ്റുകളെ ക്ഷണിച്ചിരിക്കുകയാണ്.

യു.എസിൽ മസാച്യുസെറ്റ്സിലെ കേപ് കോഡ് തീരത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സിപ്സൺ ഐലൻഡ് ആണ് ദ്വീപ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. 1711 മുതൽ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു ഈ ദ്വീപ്. ഇപ്പോൾ പുതിയ ട്രസ്റ്റും എൻ.ജി.ഒകളും ചേർന്ന് ദ്വീപിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഇവരാണ് ദ്വീപ് ഇനി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

sipson-island

ആദിമ അമേരിക്കൻ ഗോത്രവർഗങ്ങളുടെ ശേഷിപ്പുകൾ ഉറങ്ങുന്ന ഈ ദ്വീപിന്റെ നൂറ്റാണ്ടുകൾ മുമ്പുള്ള പ്രതാപം തിരിച്ചു പിടിക്കാനാണ് പുതിയ ഉടമസ്ഥരുടെ ശ്രമം. 1711ന് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ആദിമ അമേരിക്കൻ വംശജരുടെ ചരിത്രവും അവരുടെ സംസ്കാരവും ദ്വീപിലെത്തുന്നവർക്ക് മുന്നിൽ ഇനി തുറന്നു കാട്ടപ്പെടുമെന്ന് സിപ്സൺ ഐലൻഡ് ട്രസ്റ്റ് പ്രതിനിധികൾ പറയുന്നു.

24 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ദ്വീപ് കഴിഞ്ഞ ദിവസമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പ്ലസെന്റ് ബേ എന്നാണ് ദ്വീപ് സ്ഥിതി ചെയ്യുന്ന ഭാഗം അറിയപ്പെടുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഹൈക്കിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്ക് അവസരമുണ്ട്. മണൽപ്പരപ്പുകളും ഉൾക്കടലിന്റെ ഭംഗിയും ആവോളം ആസ്വദിക്കാം.

sipson-island

ദ്വീപിന് ചുറ്റുമുള്ള ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 22 അടി നീളമുള്ള ചെറിയ ബോട്ടുകളിൽ മാത്രമേ ദ്വീപിലേക്കെത്താൻ ടൂറിസ്റ്റുകളെ അനുവദിക്കുകയുള്ളു. ദ്വീപിന്റെ ചരിത്രപരവും പാരിസ്ഥിതികവുമായ പഠനങ്ങൾക്ക് പിന്തുണ നൽകാൻ ഒരു ഗവേഷണ കേന്ദ്രം നിർമിക്കാനുള്ള പദ്ധതിയുമുണ്ട്. ദ്വീപിന്റെ സ്വാഭാവിക സസ്യ ജന്തുകാലങ്ങൾക്ക് പ്രതികൂലമാകാത്ത തരത്തിൽ വിനോദ പദ്ധതികൾക്കും ഊന്നൽ നൽകും. ദ്വീപിന്റെ 8 ഏക്കർ ഭാഗം ഇതേവരെ സിപ്സൺ ഐലൻഡ് ട്രസ്റ്റിന്റെ ഭാഗമായിട്ടില്ല. ഈ ഭാഗവും തങ്ങൾക്ക് സ്വന്തമാക്കാനുള്ള ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്.