മലയാളികളുടെ പ്രിയനായികയായിരുന്ന ജലജയുടെയും മകൾ അമ്മു എന്ന ദേവി നായരുടെയും വീട്ടുവിശേഷങ്ങൾ
കവടിയാറിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽ ഒരു കിളിക്കൂടുണ്ട്. അമ്മുക്കിളിയും അമ്മക്കിളിയുമാണ് താമസക്കാർ. അമ്മയെ തിരിച്ചറിയാൻ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. മലയാളികളുടെ പ്രിയനായിക ജലജ. പക്ഷേ, ഇവിടെ അമ്മു എന്ന ദേവി നായരുടെ അമ്മ വേഷമാണ് ജലജയ്ക്ക്. മകളെ ലാളിച്ചും ഇടയ്ക്കൊന്ന് കണ്ണുരുട്ടിയും അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ടു നടക്കുന്നതുമാണ് വലിയ സന്തോഷമെന്ന് പറയുമ്പോൾ ആ മുഖത്ത് വാത്സല്യത്തിളക്കം.
അമ്മുവും അമ്മയും കൂടുമാറിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. ദീർഘനാളത്തെ ബഹറിൻ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് ചേക്കേറിയതിന് പിന്നിൽ ജന്മനാടിനോടുള്ള സ്നേഹത്തിനൊപ്പം ഒരാഗ്രഹം കൂടിയുണ്ട്. അമ്മുവിന്റെ സിനിമാപ്രവേശം. വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന സ്വപ്നത്തിന് ചിറകുമുളച്ച കഥ ആദ്യമായി ഇരുവരും പങ്കുവയ്ക്കുന്നു.
''ഞങ്ങളുടെ എല്ലാമെല്ലാമാണ് ഈ അമ്മുക്കുട്ടി. അവളുടെ ജീവിതത്തിലെ ഓരോ ചുവടുവയ്പ്പിലും കൈപിടിച്ച് കൂടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഭർത്താവ് പ്രകാശിന്റെ ജോലിയുടെ ഭാഗമായാണ് ഞങ്ങൾ ബഹറിനിൽ താമസമാക്കിയത്. അമ്മുവിന് ചെറുപ്പത്തിലേ സിനിമയോടൊരു ഇഷ്ടമുണ്ട്. പക്ഷേ, വിദ്യാഭ്യാസത്തിന് ആദ്യ പരിഗണന നൽകണമെന്ന് ഞാനും പ്രകാശും പറഞ്ഞിരുന്നു. അവളത് അക്ഷരംപ്രതി കേൾക്കുകയും ചെയ്തു. സംഗീതത്തിനും നൃത്തത്തിനുമെല്ലാം അതിനൊപ്പം സമയം കണ്ടെത്തി.""
അമ്മ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ അമ്മു പഴയ സ്കൂൾ കുട്ടിയായി.
'' അമ്മ നടിയാണെന്നൊന്നും എനിക്കാദ്യം അറിയില്ലായിരുന്നു. ഞങ്ങൾ ഒന്നിച്ച് പുറത്തൊക്കെ പോകുമ്പോൾ ആളുകൾ വന്ന് അമ്മയോട് സംസാരിക്കുന്നതും പരിചയ ഭാവത്തിൽ ചിരിക്കുന്നതുമെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത് കുറച്ച് വളർന്ന ശേഷമാണ്. ഞാൻ ചെറുപ്പം മുതലേ ഫ്ളൂട്ടും പിയാനോയും ബാലെയും പഠിച്ചിരുന്നു. ക്ളാസുകൾക്ക് കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ട് വരുന്നതുമെല്ലാം അമ്മയാണ്. മ്യൂസിക്കും ഡാൻസുമൊക്കെയായി അടിപൊളിയായിരുന്നു അക്കാലം. സ്നേഹം മാത്രമായിരുന്നില്ല നല്ല സ്ട്രിക്ടുമായിരുന്നു ഈ അമ്മ.""
അമ്മു അമ്മയെ ഒന്ന് പാളി നോക്കി. എന്നിട്ട് അടുത്ത നിമിഷം ചുവടുമാറ്റി. ''എന്നാലും അച്ഛനായിരുന്നു കൂടുതൽ സ്ട്രിക്ട്."" കൂട്ടച്ചിരിക്കിടയിൽ ജലജ അമ്മുക്കഥകളുടെ കെട്ടഴിച്ചു.
''ഇവളുടെ കലാവാസനയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകി ഞങ്ങൾ ഒപ്പം നിന്നു. ബ്രിട്ടീഷ് സ്കൂളിലാണ് പഠിച്ചത്. അതിനുശേഷം അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലേക്ക് പോയി. നാല് വർഷത്തെ ഡബിൾ ഡിഗ്രി കോഴ്സായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിൽ ഒന്നാണ്. അവിടെ അഡ്മിഷൻ കിട്ടാൻ തന്നെ ഒരുപാട് കടമ്പകൾ കടക്കണം. അമ്മുവിന് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിലും ഉള്ളിന്റെയുള്ളിൽ ടെൻഷനായിരുന്നു. ഊണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്ന മകളെ നാല് വർഷം പിരിഞ്ഞിരിക്കണ്ടേ. അമ്മു പഠിക്കാൻ പോകുന്നതിന് ഒരു വർഷം മുമ്പ് തന്നെ ഞങ്ങൾ മൂന്നുപേരും കൂടി സർവകലാശാലയിൽ പോയി സ്ഥലവും സാഹചര്യവുമെല്ലാം മനസിലാക്കിയിരുന്നു.അവിടെയും കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അമ്മു. അവർക്കൊരു ഡാൻസ് ഗ്രൂപ്പുണ്ടായിരുന്നു.""
ഡാൻസിനെ കുറിച്ച് പറഞ്ഞതും അമ്മു ഇടപെട്ടു. ''ബാക്കി ഞാൻ പറയാം അമ്മേ. അവിടെ പെൻ നാച്ച് എന്നൊരു ഡാൻസ് ഗ്രൂപ്പുണ്ട്. അതിന്റെ ഭാഗമായി ഒരുപാട് സ്റ്റേജ് പെർഫോമൻസുകളൊക്കെ ചെയ്തു. പകൽ ക്ളാസിൽ പോണം. രാത്രി വന്നാൽ എഴുതാനും പഠിക്കാനുമേ സമയം കിട്ടൂ. അതിനിടയിലാണ് ഡാൻസ്. പഠനത്തിന്റെ ഭാഗമായി സ്പെയിൻ, പോർട്ടുഗൽ, ഹോളണ്ട്, ഗ്രീസ് തുടങ്ങി ഒരുപാട് രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. അവസാനം ബിരുദദാനത്തിന്റെ ദിവസം വന്നു. അച്ഛനും അമ്മയും അത് കാണാൻ വന്നിരുന്നു. അന്ന് ധരിച്ച തൊപ്പിയിൽ അമ്മയൊരു സർപ്രൈസ് ഒപ്പിച്ചു. ക്ളാപ്പ് ബോർഡിന്റെ രീതിയിൽ അതിന്റെ മുകൾഭാഗം ഡിസൈൻ ചെയ്തു. ആക്ട്രസ് ദേവി നായർ എന്നതിൽ എഴുതിയിരുന്നു. എന്റെ മനസറിയാനുള്ള അമ്മയുടെ കഴിവ് മനസിലായില്ലേ.""
ആ തൊപ്പി പൊന്നുപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട് ജലജ. ഒപ്പം അമ്മുവിന്റെ പഠനകാലത്തിന്റെ സുന്ദരചിത്രങ്ങളും.
'അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ അമ്മു അല്പം ഗൗരവക്കാരിയായി.
''സിനിമ എന്റെ പാഷനാണെന്ന് നേരത്തേ തിരിച്ചറിഞ്ഞു. ധാരാളം സിനിമകൾ കാണാറുമുണ്ട്. അമേരിക്കയിലായിരുന്നപ്പോഴും സമയം കിട്ടിയാലുടൻ കൂട്ടുകാർക്കൊപ്പം സിനിമയ്ക്ക് പോകും. അമ്മ അഭിനയിച്ചതിൽ ഞാനാദ്യം കണ്ടത് മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയാണ്. അമ്മയുടെ ഏക കോമഡി സിനിമ. എന്റെ എക്കാലത്തെയും ഇഷ്ട നടൻ ജഗതി അങ്കിളാണ്. എത്ര വ്യത്യസ്തങ്ങളായ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. യോദ്ധയിലെയും കിലുക്കത്തിലെയും ജഗതി അങ്കിളിന്റെ ഡയലോഗുകൾ പറഞ്ഞു നടക്കലാണ് എന്റെ പ്രധാന ഹോബി. എന്റെ ആഗ്രഹം പോലെ ഇത്തവണ ഐ.എഫ്.എഫ്.കെയിലും പങ്കെടുക്കാൻ പറ്റി. സിനിമ കാണൽ മാത്രമായി കുറേ ദിവസങ്ങൾ. എന്ത് രസമാണല്ലേ. രജിഷാ വിജയനെ പോലെ കുറച്ച് നല്ല കൂട്ടുകാരെയും അവിടുന്ന് കിട്ടി. ഇവിടെ വന്നിട്ട് കൂട്ടുകാരില്ലാത്തതിന്റെ വിഷമത്തിലായിരുന്നു. ആരെയെങ്കിലുമൊക്കെ കാണുന്നത് ജിമ്മിൽ പോകുമ്പോഴാണ്. ആ ദുഃഖം മാറി. ഇറങ്ങുന്ന സിനിമകളെല്ലാം കാണുന്നതാണ് പുതിയ ഹോബി. അമ്മയും ഞാനും കൂടി പോകും."" അമ്മു പറഞ്ഞു.
അമേരിക്കയും ബഹറിനുമൊന്നും ഈ അമ്മയെയും മകളെയും മാറ്റിയിട്ടില്ല. തനി മലയാളത്തിൽ സ്ഫുടതയോടെയാണ് അമ്മുവിന്റെ സംസാരം.
''വീട്ടിൽ മലയാളത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. മലയാളം വായിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. പത്രം മുടങ്ങാതെ വായിക്കാറുണ്ട്. സിനിമ പേജുകൾ വായിച്ച് വായിച്ചാണ് എന്റെ മലയാളം മെച്ചപ്പെട്ടത്.""
ഈ വീട്ടിൽ എന്ത് പറഞ്ഞാലും എത്തിച്ചേരുന്നത് സിനിമയിലാണ്. മനസിൽ സിനിമ നിറച്ച് ഇരുവരും സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അമ്മു പറഞ്ഞു. ''എനിക്ക് ഒരു വലിയ ആഗ്രഹമുണ്ട്. അമ്മയുടെ ഒപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം.""ആ ആഗ്രഹം കേട്ട് വീണ്ടും ചിരി നിറഞ്ഞു. മകൾക്കായി സിനിമ വിട്ട അമ്മ മകൾക്കൊപ്പം മടങ്ങിവരുമോ?