മുംബയ്:അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് നാരായണ റാണെ. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും മഹാരാഷ്‌ട്ര സർക്കാർ ആർക്കൊ വേണ്ടി എന്തൊക്കയൊ മറയ്ക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ അസ്വാഭാവികത തോന്നിയ സാഹചര്യത്തിൽ ബീഹാർ സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് മുംബയ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
"കേസ് വഴിതിരിച്ചുവിടാനുളള ശ്രമമാണ് നടക്കുന്നത്. മറ്റുളളവരെ പോലെ ഞാനും വിശ്വസിക്കുന്നു ഇത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണ്. മരണം നടന്ന് 50 ദിവസം കഴിഞ്ഞിട്ടും മുംബയ് പൊലീസിന് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനായില്ല." നാരായണ റാണെ പറഞ്ഞു. കേസിൽ പ്രതിയെന്ന് സുശാന്തിന്റെ കുടുംബം ആരോപിക്കുന്ന റിയ ചക്രബർത്തി എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ലെന്നും മഹാരാഷ്‌ട്ര സർക്കാർ ആരെയോ സഹായിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 20 ദിവസത്തിലേറെയായി ആരാണ് സുശാന്തിനെ ഭീഷണിപ്പെടുത്തിയത്? അദ്ദേഹം എല്ലാ ദിവസവും ഫോൺ നമ്പരുകൾ മാറിക്കൊണ്ടിരുന്നു. ഇത് എന്ത് കൊണ്ടാണ് പൊലീസ് അന്വേഷിക്കാത്തതെന്നും നാരായണ റാണെ ചോദിച്ചു. ജൂൺ 13നാണ് സുശാന്തിനെ മുംബയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.