pm-cares

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് പോരാട്ടം ശക്തമാക്കുന്നതിനായി രൂപീകരിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള 'പി.എം കെയേഴ്‌സ് ഫണ്ടി'ൽ നിന്നും പണം ചിലവാക്കി വെന്റിലേറ്ററുകൾ സ്വന്തമാക്കാൻ തീരുമാനിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2000 കോടി രൂപ മുടക്കി 50,000ത്തിൽ കൂടുതൽ വെന്റിലേറ്ററുകൾ വാങ്ങാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗ്ഗവയുമാണ് ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. ഇത് സംബന്ധിച്ച് 30,000 വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള കരാർ, കേന്ദ്രം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്(ബി.ഇ.എൽ) നൽകിയിട്ടുണ്ട്.

സ്കാനിംഗ് യന്ത്രങ്ങൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന 'സ്കാൻറേ' എന്ന കമ്പനിയാണ് ഇതിനായി ബി.ഇ.എല്ലിനെ സഹായിക്കുക. 13,500 വെന്റിലേറ്ററുകൾ നിർമ്മിക്കുക ആന്ധ്രാ പ്രദേശിലുള്ള മെഡ്ടെക്ക് സോണാണ്‌. 10,000 വെന്റിലേറ്ററുകൾ എ.ജി.വി.എ ഹെൽത്ത്കെയറും നിർമിച്ച് നൽകും.

രാജ്യത്താകെ ചികിത്സയിലിരിക്കുന്ന 0.27 ശതമാനം കൊവിഡ് രോഗികളും വെന്റിലേറ്ററിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും 18,000 വെന്റിലേറ്ററുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.

എ.ജി.വി.എ ഹെൽത്ത്കെയർ നിർമ്മിച്ച വെന്റിലേറ്ററുകൾ മുൻപ് നിരാകരിക്കപ്പെട്ടിരുന്നുവല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ഇവ മറ്റൊരു ശ്രേണിയിലുള്ള വെന്റിലേറ്ററുകൾ ആയിരുന്നുവെന്നും മുംബയിലാണ് അവ നിരാകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ശേഷം, ഇവ മുംബയിലെ ബ്രിഹൺ മുംബയ് കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിലേക്കും മഹാരാഷ്ട്രയിലെ മറ്റ് ആരോഗ്യ സംവിധാനങ്ങളിലേക്കും ഒരു സന്നദ്ധസംഘടന സംഭാവന ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.