ന്യൂഡൽഹി: സഹോദരങ്ങള്‍ തമ്മിലുള്ള ശാശ്വതമായ ബന്ധവും സ്‌നേഹവും വിളിച്ചോതുന്ന ആഘോഷമാണ് രക്ഷാബന്ധന്‍. ഈ ദിനത്തില്‍ രാഖി കൈത്തണ്ടയില്‍ കെട്ടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിടാറുള്ളത്. ഉത്തരേന്ത്യയിലടക്കം വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് രക്ഷാബന്ധന്‍ ആഘോഷിക്കാറുള്ളത്. രക്ഷാബന്ധന്‍ ദിനത്തിൽ പശ്ചിമ ബംഗാളില്‍ നിന്ന് സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അപൂർവ കഥയാണ് പുറത്ത് വരുന്നത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള 11 കാരിയായ നെയ്മ ഖാത്തൂണിന് മൂന്ന് വര്‍ഷം മുമ്പാണ് തലസീമിയ രോഗം കണ്ടെത്തിയത്.
ശരീരത്തിലെ ഹീമോഗ്ലോബിന്‍ ശതമാനം സാധാരണയിലും താഴെ ആയിരിക്കും ഇത്തരം രോഗക്കാർക്ക്. ഓരോ മാസവും അര ലിറ്റർ രക്തം മാറ്റണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പകരം രക്തം സംഘടിപ്പിക്കാൻ പാടുപെടുന്നുണ്ട്. സിങ്കി ഗ്രാമത്തില്‍ താമസിക്കുന്ന നെയ്മയെ വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബോള്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ നെയ്മയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമായി വന്നു.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം രക്തദാനത്തിന് ആളെ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കൾ രക്തം വേണമെന്ന് വിവരം എല്ലാവരെയും അറിയിച്ചു. 'O +' ആണ് നെയ്മയുടെ രക്ത ഗ്രൂപ്പ്. സിങ്കി ഗ്രാമത്തിന് എതിര്‍വശത്തുള്ള ബോള്‍പൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കസ്ബ ഗ്രാമത്തിലും ഈ വിവരം എത്തി. കസ്ബ ഗ്രാമത്തിലെ ഹോം ട്യൂട്ടര്‍ ശ്യാമല്‍ മാജി നെയ്മയെക്കുറിച്ച് കേട്ടു, തന്റെ പൂർവ വിദ്യാർത്ഥിയായ അതാനു ഘോഷിനോട് ബോള്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. സമയം പാഴാക്കാതെ അതാനു ആശുപത്രിയിൽ എത്തി നെയ്മയ്ക്ക് രക്തം നൽകി. ജീവന്‍ രക്ഷിച്ചതിന് നന്ദി സൂചകമായി നെയ്മ അതാനുവിന്റെ കൈത്തണ്ടയില്‍ ഒരു രാഖി കെട്ടി. നെയ്മയുടെ കൈത്തണ്ടയിലും ഒരു രാഖി കെട്ടിയാണ് അതാനു മടങ്ങിയത്.