ന്യൂഡൽഹി : ഇന്ത്യയിൽ സോഷ്യൽ മീഡിയയിലും മറ്റുമായി ബഹിഷ്കരണ ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ ചൈനീസ് മൊബൈൽ കമ്പനി ഇൗ സീസൺ ഐ.പി.എൽ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുമെന്ന് സൂചന. കഴിഞ്ഞ ദിവസം ചേർന്ന ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ വിവോയെ പ്രധാന സ്പോൺസറായി നില നിറുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ മുറവിളി ശക്തമായത്.
പ്രതിവർഷം 440 കോടിയോളം രൂപവച്ച് അഞ്ച് വർഷത്തേക്ക് 1299 കോടി രൂപ ടൈറ്റിൽ സ്പോൺസർഷിപ്പായി നൽകാമെന്ന് 2017ലാണ് വിവോ ബി.സി.സി.ഐയുമായി കരാർ ഒപ്പിട്ടത്. ഇന്ത്യയ്ക്ക് പണം കിട്ടുന്നതായതിനാൽ സ്പോൺസർഷിപ്പ് മാറ്റേണ്ടതില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ ന്യായീകരണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ തുക മുടക്കുന്നത് തങ്ങൾക്ക് ലാഭകരമല്ലെന്ന നിലപാടിലാണ് വിവോ. ബി.സി.സി.ഐ പുതിയ സ്പോൺസറെ തേടുകയാണെന്ന് വാർത്തകളുണ്ട്.
സെപ്തംബർ 19 മുതൽ നവംബർ 10വരെ യു.എ.ഇയിലാണ് ഇക്കുറി ഐ.പി.എൽ നടക്കുന്നത്.
ഐ.പി.എൽ : അഞ്ചു ദിവസത്തിലൊരിക്കൽ ടെസ്റ്റ്
മുംബയ് : യു.എ.ഇയിൽ നിശ്ചയിച്ചിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കളിക്കാർക്കും ടീം സ്റ്റാഫുകൾക്കും അഞ്ചുദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധന നടത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.