സാവോ പോളോ : ലാറ്റിനമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെല്ലാം കൊവിഡ് അതിതീവ്രമായി തുടരുകയാണ്. 640 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കൊവിഡിന് കാരണമായ കൊറോണ വൈറസ് എത്തിയത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈകിയായിരുന്നു. എന്നാൽ രോഗ വ്യാപനത്തിന് മുന്നേ ജാഗ്രതാ നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് തിരിച്ചടിയായത്.
സാധാരണക്കാർ തിങ്ങി നിറഞ്ഞ് പാർക്കുന്ന തെരുവുകളിൽ കൊവിഡ് പടർന്നു കയറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊളംബിയയിൽ മാത്രം 10,000 ത്തിലേറെ പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗവർദ്ധനവിലും മരണത്തിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെക്സിക്കോയിൽ നിന്നും ആശങ്കാജനകമായ കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടനെയും മറികടന്ന് ലോകത്തെ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ മെക്സിക്കോ മൂന്നാം സ്ഥാനത്തെത്തിയത്. ഏകദേശം 100 മില്യൺ ജനങ്ങൾ ലാറ്റിനമേരിക്കയുടെയും കരീബിയൻ ദ്വീപുകളിലെയും ചേരി പ്രദേശങ്ങളിൽ ജീവിക്കുന്നതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.
സാധാരണ തൊഴിലാളികളായ ഇവർക്ക് ജോലി സ്ഥലത്തും വാസസ്ഥലത്തുമൊക്കെ സാമൂഹ്യ അകലം പാലിക്കാനോ മറ്റ് സുരക്ഷാ നടപടികൾ സ്വീകരിക്കാനോ വേണ്ടത്ര സാഹചര്യവുമില്ല. സാമ്പത്തിക നില തകിടം മറിഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 200,000 ത്തിലേറെ പേരാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. തുടക്കം മുതൽ കൊവിഡ് നാശം വിതച്ചു കൊണ്ടിരിക്കുന്ന ബ്രസീലിൽ സ്ഥിതിഗതികൾക്ക് യാതൊരു മാറ്റവുമില്ല.
രാജ്യം - രോഗികൾ - മരണം ( കഴിഞ്ഞ 24 മണിക്കൂറിനിടെ )
1. ബ്രസീൽ - 2,751,665 - 94,702
2. മെക്സിക്കോ - 443,813 - 48,012
3. പെറു - 433,100 - 19,811
4. ചിലി - 361,493 - 9,707
5. കൊളംബിയ - 327,850 - 11,017
6. അർജന്റീന - 206,743 - 3,863
7. ഇക്വഡോർ - 87,041 - 5,767
8. ബൊളീവിയ - 81,846 - 3,228