donlad-trump

വാഷിംഗ്‌ടൺ: കൊവിഡിന്റെ വിഷയം പറഞ്ഞുകൊണ്ട് ഇന്ത്യയെ വീണ്ടും ഇടിച്ചുതാഴ്ത്തി പ്രസ്താവന നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക 'വളരെ മികച്ച' രീതിയിലാണ് മുന്നേറുന്നതെന്നും ഇക്കാര്യത്തിൽ ഇന്ത്യയാണ് 'വലിയ പ്രശ്നങ്ങൾ' നേരിടുന്നതെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഈ വാക്കുകൾ.

കൂട്ടത്തിൽ ചൈനയിലെ കൊവിഡ് സാഹചര്യത്തിലേക്കും ട്രംപ് ശ്രദ്ധ ക്ഷണിച്ചു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്കൻ പ്രസിഡന്റ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നാണ് വിവരം.

'നമ്മൾ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഞാൻ കരുതുന്നത്. മറ്റേത് രാജ്യത്തെക്കാളും നല്ല രീതിയിലാണ് നമ്മൾ മുന്നേറുന്നത്. നിങ്ങൾ മറക്കരുത്. നമ്മൾ ഇന്ത്യയെയും ചൈനയെയുംകാൾ വലിയ നിലയിലാണ്. ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്.' ട്രംപ് പറയുന്നു.

ഇന്ത്യയും ഇപ്പോൾ വലിയ പ്രശ്നങ്ങൾ നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, മറ്റ് രാജ്യങ്ങളുടെ കാര്യം ഞാൻ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ വാർത്തകൾ അനുസരിച്ച് കൊവിഡിൽ നിന്നും രക്ഷ നേടിയെന്ന് കരുതിയ രാജ്യങ്ങളും ഇപ്പോൾ രോഗത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് കൂടി കൂട്ടിച്ചേർത്തു.

നേരത്തെയും കൊവിഡ് പരിശോധനകൾ നടത്തുന്ന കാര്യത്തിൽ ട്രംപ് ഇന്ത്യയെ ഇകഴ്ത്തികൊണ്ട് പ്രസംഗിച്ചിരുന്നു. ഇന്ത്യയിൽ കൊവിഡ് ടെസ്റ്റുകൾ 11 ലക്ഷത്തിൽ ചുരുങ്ങുമ്പോൾ അമേരിക്ക 60 ലക്ഷം ടെസ്റ്റുകളാണ് നടത്തിയതെന്നായിരുന്നു ട്രംപിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന.

വൈറ്റ് ഹൗസിന്റെ തീരുമാനപ്രകാരം തന്നെയാണ് ട്രംപ് ഇന്ത്യയെ മോശമാക്കി കാണിച്ചുകൊണ്ടുള്ള ഈ പ്രസ്താവന നടത്തിയെതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായ രാജ്യമാണ് അമേരിക്ക. 47 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1,55,000 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു.