gokul

തിരുവനന്തപുരം: കാഴ്ച പരിമിതിയെ മറികടന്ന് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഗോകുൽ.എസ്. പരിമിതികളെ പരിമിതിയായി കാണുമ്പോൾ മാത്രമെ അത് യഥാർത്ഥത്തിൽ പരിമിതിയാകുന്നുള്ളൂവെന്ന് പറയുകയാണ് 804ആം റാങ്ക് സ്വന്തമാക്കിയ ഗോകുൽ. മലയാളം ആയിരുന്നു പരീക്ഷയിൽ ഗോകുലിന്റെ ഓപ്‌ഷണൽ സബ്‌ജക്‌ട്.

തിരുവനന്തപുരത്തെ മാർ ഈവാനിയോസ് കോളേജിൽ നിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്. എൻ.സി.സി ഡയറക്‌ടറേറ്റിൽ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടൺഹിൽ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ ശോഭയുടെയും ഏക മകനാണ് ഗോകുൽ.

റാങ്ക് നേട്ടം അറിഞ്ഞതു മുതൽ ഗോകുലിന് നിലയ്ക്കാത്ത ഫോൺ വിളികളാണ്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ വിളിച്ച് അഭിനന്ദനമറിയിച്ചു. അഭിനന്ദനങ്ങൾക്ക് നടുവിൽ നിന്ന് ഗോകുൽ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു..

അപ്പോഴാണ് സീരിയസാകാൻ തീരുമാനിച്ചത്

സന്തോഷമാണ്, ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ഡിഗ്രിക്ക് ചേർന്ന സമയത്ത് തന്നെ സിവിൽ സർവീസ് സിലബസ് ഒരു സൈഡിൽ കൂടെ വായിക്കുമായിരുന്നു. പി.ജി പരീക്ഷകൾ കഴിയുന്നതിന് രണ്ട് ദിവസം മുമ്പാണ് പ്രിലിമിനറി പരീക്ഷ ഞാൻ എഴുതിയത്. ബൗദ്ധികമായ താത്‌പര്യത്തിന് പുറത്താണ് സിവിൽ സർവീസ് സിലബസ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഡിബേറ്റുകളിലും പ്രസംഗ മത്സരങ്ങളിലും പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടിയായിരുന്നു ആ വായന. പി.ജി തുടങ്ങിയപ്പോഴാണ് അൽപ്പം ഗൗരവത്തോടെ സിവിൽ സർവീസിനെ കണ്ടു തുടങ്ങിയത്. പരീക്ഷ എഴുതണമെന്ന തോന്നൽ വന്നപ്പോൾ സീരിയസാകാൻ തീരുമാനിച്ചു. അക്കാദമിക്കിന്റെ കൂടെയാണ് ഇതും കൊണ്ടു പോയത്.

കുത്തിയിരുന്ന് പഠിച്ചിട്ടില്ല

ഒരിക്കലും ഒരു തയ്യാറെടുപ്പും ഞാൻ നടത്തിയിരുന്നില്ല. പ്രത്യേക ടൈംടേബിൾ ഒന്നും ഇല്ലായിരുന്നു. ഒരു ദിവസം ഇത്ര സമയം അങ്ങനെയും ഇല്ലായിരുന്നു. കോച്ചിംഗിനൊന്നും ഞാൻ പോയിട്ടില്ല. എന്റെയൊരു സമയമനുസരിച്ച് വായിക്കുകയായിരുന്നു ചെയ്‌തിരുന്നത്. കുത്തിയിരുന്ന് പഠിക്കുന്നതിനെക്കാളും ഓരോ ചോദ്യങ്ങളെയും ഒരു സാധാരണക്കാരൻ എങ്ങനെ സമീപിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. അവസാന പരീക്ഷയ്ക്ക് മുമ്പുള്ള രണ്ട് മാസം മാത്രമാണ് ഇതിന് വേണ്ടി മാത്രം ഞാൻ മാറ്റിവച്ചത്.

അറിവ് പത്ര വായന തന്നെ

എല്ലാ ദിവസവും പത്രം ഞാൻ കൃത്യമായി വായിക്കുമായിരുന്നു. കംപ്യൂട്ടറിൽ സ്ക്രീൻ റീഡിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ഞാൻ ഓരോന്നും വായിച്ചിരുന്നത്. പത്രങ്ങളുടെ ഇ പേപ്പറുകളിലെ ഒരു വരി പോലും ഞാൻ വിടാതെ വായിക്കും. കംപ്യൂട്ടറിനെ ആശ്രയിച്ചായിരുന്നു പഠനവും നടന്നത്. സമയം കിട്ടുമ്പോൾ അച്ഛനും അമ്മയും വായിച്ച് തരുമായിരുന്നു.

സാധാരണക്കാരന്റെ മനസ് അറിയണം

സർവീസ് അലോക്കേഷൻ വരുമ്പോൾ മാത്രമെ കൃത്യമായി മറ്റ് കാര്യങ്ങൾ അറിയാൻ പറ്റുകയുള്ളൂ. അലോക്കേഷൻ വരുമ്പോൾ ഹാപ്പി അല്ലെങ്കിൽ ഒരിക്കൽ കൂടി പരീക്ഷ എഴുതാനാണ് തീരുമാനം. ഏത് സർവീസിലേക്ക് നിയമതിനായാലും എല്ലാത്തിന്റെയും സ്വഭാവം പൊതുജനങ്ങളുമായി ഇടപഴകുക എന്നതാണ്. നമ്മുടെ നാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ സൊല്യൂഷൻ എന്താണെന്ന് കണ്ടെത്താൻ പലപ്പോഴും നമ്മളാരും ശ്രമിക്കാറില്ല. സാധാരണക്കാരെ പരിഗണിച്ച് സർവീസിൽ പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.