kab

കാബൂൾ: ഈദ് ദിനാഘോഷത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ വെടിനിറുത്തൽ പ്രഖ്യാപിച്ച താലിബാൻ തടങ്കലിലാക്കിയിരുന്ന മൂന്ന് ഇന്ത്യക്കാരിൽ രണ്ടുപേരെ വിട്ടയച്ചു. ഇരുവരെയും ഡൽഹിയിലേക്ക് അയച്ചു. 2018ൽ താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയ മൂന്നാമന്റെ മോചനത്തിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായ രണ്ടുപേരുടെ പേരോ മേൽവിലാസമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മോചിപ്പിക്കാൻ ജൂലായ് 31നാണ് തീരുമാനമായത്. വെടിനിറുത്തൽ പ്രഖ്യാപനത്തിന്റെ ഭാഗമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും ഭീകര ഗ്രൂപ്പുകളും തമ്മിൽ 7ന് ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ ജയിലിൽ കഴിയുന്ന 400 ഓളം ഭീകരരെ വിട്ടയയ്ക്കുന്നതാകും ചർച്ചയിലെ പ്രധാനവിഷയം.