pic

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി സി.ബി.ഐ. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ സംഘം വീട്ടിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൊഴിയെടുക്കൽ നടപടി സി.ബി.ഐ ആരംഭിച്ചത്.

2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. ബാലഭാസ്ക്കാർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽക്കെ തന്നെ ദുരൂഹതകൾ നിലനിന്നിരുന്നു. ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും മാസങ്ങൾക്ക് ശേഷം സ്വർണക്കടത്തുകേസിൽ പിടിക്കപ്പെട്ടു. ഇതോടെ ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ സംശയങ്ങളുണ്ടായി.സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ബാലഭാസ്കറിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.