തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 228-ാം റാങ്ക് നേടി തീരദേശത്തിന് അഭിമാനമായി എഗ്ന ക്ലീറ്റസ്. ജില്ലയിലെ തീരദേശത്തു നിന്നു ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ആൾ എന്ന നേട്ടം കൂടിയുണ്ട് എഗ്നയുടെ ഈ വിജയത്തിന്. വലിയതോപ്പ് ഗ്രേസ് വില്ലയിൽ ക്ലീറ്റസ് ജോർജ്-എമിലിയ ദമ്പതികളുടെ മകളാണ് എഗ്‌ന ക്ലീറ്റസ്. സഹോദരി എയ്ഞ്ചൽ ക്ലീറ്റസ്. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ സ്കൂൾ പഠനവും തുടർന്ന് പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വിമെനിൽ നിന്ന് ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദം നേടിയശേഷമാണ് എഗ്ന സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് തിരിയുന്നത്. ആദ്യ തവണ പ്രിലിമിനറി ഘട്ടം കടക്കാനായില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ വിജയം കൂടെപ്പോരുകയായിരുന്നു. ചെറുപ്പം മുതലേ സിവിൽ സർവീസിനോട് താത്പര്യമുണ്ടെങ്കിലും ബി.ടെക്കിന് ശേഷമാണ് പരിശീലനം തുടങ്ങുന്നത്. പഠനകാലത്ത് പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന എഗ്നയുടെ വിജയം സിവിൽ സർവീസ് മോഹികൾക്ക് മാതൃകയാണ്. റാങ്ക് ക്രമത്തിൽ ഐ.എ.എസ് പട്ടികയിൽ തന്നെ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ സങ്കടങ്ങൾക്കിടയിലും ഈ വിജയത്തിന്റെ സന്തോഷത്തിലാണ് തീരപ്രദേശം. എഗ്നയെ വി.എസ്.ശിവകുമാർ എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു.