gulf

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നു. യു.എ.ഇയിൽ പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതും പ്രതീക്ഷയേകുന്നു. ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സൗദി അറേബ്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇവിടെ രോഗവ്യാപന നിരക്ക് കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,363 രോഗികളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 281,456 പേരാണ് സൗദി അറേബ്യയിൽ ആകെ രോഗബാധിതരായത്. 86 ശതമാനമാണ് സൗദിയിലെ രോഗമുക്തി നിരക്ക്. പുതുതായി 35 മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി 34,759 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. തുടർച്ചയായ 10ാം ദിവസവും സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം 2000 ത്തിൽ താഴെയും മരണം 50ൽ താഴെയുമാണ്.

ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഖത്തറിലാണ്. 97 ശതമാനമാണ് ഖത്തറിലെ രോഗമുക്തി നിരക്ക്. ഇതുവരെ 11,538 പേർക്ക് ഖത്തറിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ വെറും 3,107 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ 177 പേർ മരിച്ച ഖത്തറിൽ തുടർച്ചയായ രണ്ടാം ദിനവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 216 കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

ബഹ്റൈനിൽ 93, യു.എ.ഇയിൽ 89 എന്നിങ്ങനെയാണ് യഥാക്രമം രോഗമുക്തി നിരക്ക്. 41,835 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബഹ്റൈനിൽ ഇനി 2,678 പേരാണ് ചികിത്സയിലുള്ളത്. ആകെ 150 പേരാണ് ബഹ്റൈനിൽ ഇതേവരെ മരിച്ചത്. ബഹ്റൈനിൽ പുതുതായി 3 മരണവും 299 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യു.എ.ഇയിൽ ആകെ 61,352 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5,911 പേരാണ് ചികിത്സയിലുള്ളത്. 351 പേർ ഇതേവരെ രാജ്യത്ത് മരിച്ചു. തുടർച്ചയായ നാലാം ദിവസവും യു.എ.ഇയിൽ പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 189 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ രോഗം ബാധിച്ചവരിൽ 90 ശതമാനം പേരും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഒമാനിൽ 17,317 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ 79,159 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണം 421 ആണ്. പെരുന്നാൾ അവധി പ്രമാണിച്ച് ഒമാനിൽ കൊവിഡ് കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ജൂലായ് അവസാനത്തെ കണക്ക് പ്രകാരം ഒമാനിൽ പ്രതിദിനം 15 നുള്ളിൽ മാത്രം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കുവൈറ്റിൽ ആകെ രോഗികൾ 68,774 പേരാണ്. ഇതിൽ 60,326 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ മരണം 465 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ പുതുതായി 475 കേസുകളും 4 മരണവും റിപ്പോർട്ട് ചെയ്തു.