വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ പസഫിക് തുരുത്തില്‍ അകപ്പെട്ട മൂന്ന് പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മൈക്രോനേഷ്യ ദ്വീപസമൂഹത്തില്‍ കാണാതായവരെയാണ് മൂന്ന് ദിവസത്തിന് ശേഷം സൈന്യം രക്ഷിച്ചത്. അപകടത്തിലാണെന്ന സിഗ്നലായ 'എസ്ഒഎസ്' മണലില്‍ എഴുതിവെച്ചതാണ് ഇവര്‍ക്ക് രക്ഷയായത്.
ജൂലായ് 30ന് പുലാവത് അറ്റോളില്‍ നിന്ന് 27 മൈല്‍ ദൂരം സഞ്ചരിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ഇവര്‍ പസഫിക് തുരുത്തില്‍ അകപ്പെടുകയായിരുന്നു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാതെ വന്നതോടെ അന്വേഷണം ആരംഭിച്ചു. അമേരിക്ക - ആസ്ട്രേലിയ സൈനികര്‍ സംയുക്തമായിട്ട് വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തി. ആസ്ട്രേലിയയിലേക്ക് മടങ്ങുകയായിരുന്ന സൈനിക കപ്പലായ കാന്‍ബെറയും തെരച്ചിലില്‍ പങ്കാളികളായി. ഹെലികോപ്റ്ററില്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവില്‍ പസഫിക് തുരുത്തില്‍ നിന്ന് മൂന്ന് പേരെയും സൈനികര്‍ കണ്ടെത്തി. പുറപ്പെട്ട സ്ഥലത്ത് നിന്ന് 190 കിലോമീറ്റര്‍ അകലെയായിരുന്നു ഇവര്‍. തുരുത്തിലെ മണലില്‍ വലിയ രീതിയില്‍ രക്ഷാ സൂചന നല്‍കുന്ന 'എസ്.ഒ.എസ്' അടയാളം ഇവര്‍ എഴുതി വെച്ചതാണ് സഹായമായത്.
സിഗ്നല്‍ ശ്രദ്ധയില്‍ പെട്ട സൈനികര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയുക്കുകയും മൂന്ന് പേരെയും തുരുത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ആസ്ട്രേലിയന്‍ സൈനിക ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷിച്ചത്. മൂന്ന് പേര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കിയതായും ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഇവരെ ഒരു കപ്പലിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട ഒരു അപകട സിഗ്നലാണ് എസ്.ഒ.എസ്.