pic

ആഗ്ര: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വസതിയിലെ മണ്ണും ആയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഉപയോഗിക്കും. ക്ഷേത്ര നിർമാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ണ് കൊണ്ട് വരണമെന്ന് വിശ്വാസികളോട് രാമജന്മ ഭൂമി തീർത്ഥക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷിത്ത് അടൽ ബിഹാരി വാജ്‌പേയിയുടെ വീട്ടിലെ മണ്ണ് ക്ഷേത്ര നിർമാണത്തിനായി നൽകാൻ തീരുമാനിച്ചത്.

ആഗ്രയിലെ ശ്രീ മഹാവീർ ദിഗാംബർ ജെയിൻ ക്ഷേത്രത്തിൽ നിന്ന് മണ്ണ് നിറച്ച ഒരു കലശം മേയർ നവീൻ ജെയിൻ ഇന്ന് വിശ്വ ഹിന്ദു പരിഷത്തിന് കെെമാറി. അടൽ ബിഹാരി വാജ്‌പേയിയുടെ ഗ്രാമമായ ബതേശ്വറിൽ നിന്നുളള മണ്ണും അയോദ്ധ്യയിലേക്ക് കൊണ്ട് പോകുമെന്ന് വി.എച്ച.പി.യുടെ മുതിർന്ന പ്രവർത്തകൻ ആഷീഷ് ആര്യ പറഞ്ഞു.തങ്ങളുടെ ഗ്രാമത്തിലെ മണ്ണ് ചരിത്രപരമായ രാമക്ഷേത്രത്തിന്റെ ഭാഗമാകുന്നത് ബതേശ്വർ ജനതയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് വാജ്‌പേയിയുടെ അനന്തരവനായ രാകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തും. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കേന്ദ്ര സംസ്ഥാന മന്ത്രിമാർ ഹൈന്ദവ പുരോഹിതർ എന്നിവർ ചടങ്ങിൽ ഭാഗമാകും. കൊവിഡ് ഭീതി നിലനിൽക്കുകന്നതിനാൽ പരിപാടിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.