al-jazeera

ക്വാലാലംപൂർ : മലേഷ്യയിൽ അൽ ജസീറ ചാനൽ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തി. ഓഫീസിലെ രണ്ട് കമ്പ്യൂട്ടറുകൾ പൊലീസ് പിടിച്ചെടുത്തു. അൽ ജസീറ രാജ്യത്തെ കമ്മ്യൂണിക്കേഷൻ ആന്റ് മൾട്ടിമീഡിയ ആക്ട് ലംഘിച്ചെന്ന പേരിലായിരുന്നു ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് റെയ്ഡിനെതിരെ അപലപിച്ചു കൊണ്ട് അൽ ജസീറ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.

മലേഷ്യൻ പൊലീസിന്റെ നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് അൽ ജസീറ അധികൃതർ ആരോപിച്ചു. കഴിഞ്ഞ ജൂലായ് 3ന് ' ലോക്ക്ഡ് അപ് ഇൻ മലേഷ്യാസ് ലോക്ക്ഡൗൺ ' എന്ന ഡോക്യുമെന്ററി അൽ ജസീറ പുറത്തുവിട്ടിരുന്നു. കൊവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളോട് കാട്ടിയ മലേഷ്യൻ സർക്കാരിന്റെ അസമത്വപരമായ പെരുമാറ്റമായിരുന്നു ഈ പരിപാടിയിലൂടെ അവതരിപ്പിച്ചത്. ഇത് സർക്കാരിനെ പ്രകോപിപ്പിച്ചതായാണ് സൂചന. ഇതിന്റെ പേരിൽ ഒരുമാസം മുമ്പ് ഏഴ് മാദ്ധ്യമ പ്രവർത്തകരെ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേ സമയം, മാദ്ധ്യമ പ്രവർത്തനം ഒരു കുറ്റകൃത്യമല്ലെന്നും വാസ്തവ വിരുദ്ധമായതൊന്നും തങ്ങളുടെ സ്ഥാപനം നിർവഹിച്ചിട്ടില്ലെന്നും അൽ ജസീറ ഇംഗ്ലീഷിന്റെ മാനോജിംഗ് ഡയറക്ടർ ഗിൽസ് ട്രെൻഡിൽ പറഞ്ഞു. തങ്ങളുടെ മാദ്ധ്യമപ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്തതെന്നും അതിന്റെ പേരിൽ ആരോടും ഉത്തരം പറയാനോ മാപ്പ് പറയാനോ തയാറല്ലെന്നും ട്രെൻഡിൽ വിശദമാക്കി.

ഡോക്യുമെന്ററി പുറത്തുവിട്ട നാൾ മുതൽ ഇതിന് പിന്നിൽ പ്രവർത്തിച്ച മാദ്ധ്യമപ്രവർത്തകരും ഡോക്യുമെന്ററിയിൽ അഭിമുഖം നൽകിയവരും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി ഭീഷണികൾ നേരിട്ടിരുന്നു. ഡോക്യുമെന്ററിയിൽ അഭിമുഖം നൽകിയ ഒരു ബംഗ്ലാദേശ് സ്വദേശിയെ ജൂലായ് 24ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നാടുകടത്തുന്നതായും മലേഷ്യയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായും പൊലീസ് അറിയിച്ചിരുന്നു. മലേഷ്യൻ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര മാദ്ധ്യമ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.