ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലോട് കൂടി ലഡാക്കിലെ പാംഗോംഗ് സോ തടാക കരയിൽ നിന്നും പൂർണമായും പിന്മാറാൻ തീരുമാനിച്ച് ചൈനീസ് സേന. നിയന്ത്രണ മേഖലയിലെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വച്ച് ആഗസ്റ്റ് രണ്ടാം തീയതി ക്രോപ്സ് - കമാൻഡർതല അഞ്ചാം ഘട്ട ചർച്ചകൾ വിശകലനം ചെയ്യാനായി അജിത് ഡോവൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ചൈന സ്റ്റഡി ഗ്രൂപ്പിന്റെ(സി.എസ്.ജി) ഉന്നതതല വിശകലന യോഗം സംഘടിപ്പിച്ചിരുന്നു.
ഈ വിശകലന യോഗത്തിനു ശേഷമാണ്,പാംഗോംഗ് സോ തടാക തീര പ്രദേശങ്ങളിലെ ഫിംഗർ നാല്, ഫിംഗർ എട്ട് എന്നിവയ്ക്കിടയിലുള്ള പ്രദേശങ്ങളിൽ നിന്നും വിട്ടു പോകാനായി ചൈനീസ് സേന തീരുമാനമെടുത്തതെന്നാണ് വിവരം. പ്രദേശത്തുനിന്നും തങ്ങൾ പിന്മാറാൻ തയ്യാറാണെന്ന് ചൈനീസ് സേന ശക്തമായ സൂചന നൽകിയിട്ടുണ്ടെന്നും അതിനായുള്ള പ്രക്രിയ അവർ ആരംഭിച്ചുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മെയ് അഞ്ചിന് കിഴക്കൻ ലഡാക്കിലെ പാംഗോംഗ് സോ പ്രദേശത്ത് ആരംഭിച്ച ഇന്ത്യ-ചൈന സംഘർഷത്തിൽ പിന്നീട് അയവു വന്നതും ചൈനീസ് സേന ഇവിടെ നിന്നും പിൻവാങ്ങാൻ കാരണമായതും അജിത് ഡോവലിന്റെ ഇടപെടലായിരുന്നു.പിന്നീട് ഈ നിലപാടിൽ മാറ്റം വരുത്തിയ ചൈനയെ വീണ്ടും വരുതിയിൽ കൊണ്ടുവരാൻ ഇന്ത്യൻ സേനയും ഡോവലും വീണ്ടും രംഗത്തിറങ്ങുകയായിരുന്നു.
ക്രോപ്സ് - കമാൻഡർതല അഞ്ചാം ഘട്ട ചർച്ചകളിൽ പ്രദേശത്തുനിന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പൂർണമായ പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പ്രദേശത്തെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഇന്ത്യൻ ഭാഗത്തെ നയിച്ച ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. ശേഷമാണ് അജിത് ഡോവൽ ചൈനയെ കെട്ടുകെട്ടിക്കാൻ ഉറപ്പിച്ച് വീണ്ടും രംഗത്തിറങ്ങുന്നത്.