എറണാകുളം കോലഞ്ചേരിയിൽ 75 വയസുള്ള വൃദ്ധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മനഃശാസ്ത്രജ്ഞയും കൗൺസിലറുമായ കല മോഹൻ. സംഭവത്തെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന് കീഴിൽ വന്ന അങ്ങേയറ്റം മോശമായ കമന്റിന്റെ സ്ക്രീൻഷോട്ട് കൂടി പങ്കുവച്ചുകൊണ്ടാണ് മനഃശാസ്ത്രജ്ഞ ഫേസ്ബുക്ക് വഴിയുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ക്രൂരമായി ഉപദ്രവിക്കപ്പെട്ട വൃദ്ധയായ സ്ത്രീയെക്കുറിച്ചുപോലും വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്ന വഴിതെറ്റിയ പുരുഷബോധത്തെ കല തന്റെ പോസ്റ്റിലൂടെ വിമർശന വിധേയമാക്കുന്നു. ഒപ്പം അമേരിക്കയിലെ ഭർത്താവിനാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മെറിൻ ജോയി എന്ന യുവതിയുടെ 'സ്വഭാവശുദ്ധി' അളക്കുന്ന ചിലരുടെ മനോചിന്തകളെ കുറിച്ചും കല മോഹൻ തന്റെ ആശങ്കകൾ പങ്കുവയ്ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'ഞാനിങ്ങനെ എഴുതി തുടങ്ങി..,
നിര്ഭയയ്ക്ക് സമാനമായ ബലാത്സംഗം നേരിട്ടത് 75 വയസ്സുള്ള വൃദ്ധ...
ക്രൂരമായ പീഡനത്തിനാണ് ഇരയായത്..
നെഞ്ച് മുതൽ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്..
ജനേന്ദ്രിയത്തിൽ സാരമായ മുറിവ്..
മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്..
മൂന്ന് പേര് പിടിയിൽ..
ഓമന എന്നൊരു സ്ത്രീ ഉൾപ്പെടുന്ന സംഘം ആണ് ഇതിനു പിന്നില്..
എറണാകുളം കോലഞ്ചേരിയിലാണ് സംഭവം..
ലിപ്സ്റ്റിക്ക് ഇടുന്ന പെണ്ണുങ്ങൾ, ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങൾ, ശരീരവടിവ് പ്രദർശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികൾ, ലെഗ്ഗിൻസ് ഇടുന്നവർ, ഉച്ചത്തിൽ ചിരിക്കുന്നവർ, ആനയെ പോലെ ചവിട്ടി കുലുക്കി നടക്കുന്നവർ, കാമുകനോടൊത്ത് രാത്രിയിൽ സിനിമ കാണാൻ ഇറങ്ങി തിരിച്ച ഫെമിനിച്ചി, ഇവരൊക്കെ ബലാത്സംഗം ചെയ്യപ്പെട്ടാൽ പറയുന്ന അതേ കാരണമാകും അല്ലേ 75 വയസ്സുള്ള വൃദ്ധയെ പിച്ചിച്ചീന്തിയപ്പോഴും പറയാൻ ഉള്ളത്..
എന്തിന് അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയ് എന്ന പെൺകുട്ടിയുടെ മരണത്തിനു പോലും അവളുടെ ഭാഗത്ത് കുറ്റങ്ങൾ കണ്ടു പിടിക്കുന്നുണ്ട്..
അതിശയം ഇല്ല..
എന്ന് വെച്ചു,
സ്ത്രീജന്മം വേണ്ട എന്നോ അടുത്ത ജന്മം പുരുഷൻ ആകണമെന്നോ ഉള്ള ആഗ്രഹം എനിക്ക് ഇത് വരെ വന്നിട്ടില്ല..
എഴുതി കൊണ്ട് ഇരിക്കുന്നു,
പെട്ടന്ന് ഓൺലൈൻ വാർത്തയ്ക്കു താഴെ വന്ന ഈ സംഭവത്തിന് ഒരു വ്യക്തിയുടെ കമന്റ്...
"" Uff.. ചരക്കായിരിക്കും ""
എന്നത് കണ്ടു പോയി..
ഇനിയെന്താണ് എഴുതേണ്ടത് എന്നറിയാതെ നിമിഷങ്ങൾ പോകുന്നു..
അക്ഷരങ്ങൾ കൈവിട്ടു പോയ്...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്..'