ഹൈദരാബാദ്: വിവാഹത്തിരക്കുകൾക്കിടയിലാണ് പ്രേക്ഷകരുടെ പ്രിയ ബല്ലാല ദേവനായ റാണ ദഗുബതി. തന്റെ ദീർഘകാല സുഹൃത്ത് മിഹിഖ ബജാജിനെ വരുന്ന എട്ടാം തീയതിയാണ് റാണ താലി ചാർത്തുന്നത്. തന്റെ വിവാഹത്തിന് 30 പേരിൽ അധികം കൂടില്ലെന്ന റാണയുടെ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പ്രത്യേക തീം ഒരുക്കിയാകും വിവാഹം നടത്തുകൊന്നും റാണ പറയുന്നു. ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും വിധമാണ് വിവാഹ വേദിയടക്കം സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികളെ വിവാഹ പന്തലിലേക്ക് ആനയിക്കുകയുള്ളൂ. സാമൂഹിക അകലം ഉറപ്പാക്കും വിധത്തിലാണ് വേദി. പന്തലിന്റെ എല്ലാ ഭാഗത്തും സാനിട്ടൈസ് സൗകര്യങ്ങളും ഉണ്ടാകും. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂമും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ മേയ് 12നാണ് വിവാഹിതനാകുന്നു എന്ന വാർത്ത റാണ പുറത്തുവിട്ടത്.