india

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച പാകിസ്ഥാന്റെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാന്റെ ഈ നീക്കം 'രാഷ്ട്രീയ അസംബന്ധമാണെ'ന്നും അന്താരാഷ്ട്ര തലത്തിൽ അത് അംഗീകരിക്കപ്പെടുകയില്ലെന്നുമാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെ കീഴിലാണെന്ന പാകിസ്ഥാന്റെ വാദം 'പരിഹാസ്യമാണെ'ന്നും കൂടി കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാത്രമല്ല ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശം ഉന്നയിക്കുന്നതിലൂടെ തീവ്ര വാദത്തിന്റെ പിന്തുണയോട് കൂടിയുള്ള പാകിസ്ഥാന്റെ അധികാര കൊതിയെയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

ലഡാക്ക്, ജമ്മു കാശ്മീർ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ മാപ്പ് , പാകിസ്ഥാൻ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാൻ ആരോപിക്കുന്നു.

ഗുജറാത്തിലെ ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങളും പാകിസ്ഥാൻ അതിർത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ മാപ്പ് ആണ് ഇനി മുതൽ രാജ്യത്തെ വ്യവഹാരങ്ങളിൽ ഉപയോഗിക്കുക എന്നുകൂടി പാക് സർക്കാർ പറയുന്നുണ്ട്. ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്.

ഇതാദ്യമായാണ് പാകിസ്ഥാൻ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ഇത്രയും കടുത്ത ഒരു നീക്കം പരസ്യമായി തന്നെ നടത്തുന്നത്. ഇന്ന് രാവിലെ ഫെഡറൽ കാബിനറ്റ് സമ്മേളനത്തിലൂടെ പുതിയ ഭൂപടം 'അംഗീകരിച്ച' ഇമ്രാൻ ഖാൻ, പുതിയ മാപ്പിന് പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് കൂടി പ്രസ്താവിച്ചിരുന്നു.