ദുബായ്: രോഗപ്രതിരോധത്തിൽ മികച്ച മാതൃകയുമായി യു.എ.ഇ. അടുപ്പിച്ചുള്ള നാലാം ദിവസവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാതെയാണ് യു.എ.ഇ രോഗപ്രതിരോധത്തിൽ വൻ മുന്നേറ്റം നടത്തിയിരിക്കുന്നത്. അതോടൊപ്പം, രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം രോഗം ബാധിച്ചവരുടേതിനേക്കാൾ മുകളിലാണെന്നതും ആശ്വാസം പകരുന്ന വസ്തുതയാണ്.
പുതുതായി രോഗമുക്തി നേടിയവരുടെ എണ്ണം 227 ആയി രേഖപ്പെടുത്തിയപ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം 189 ആണ്. ഇന്നലെ രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് ഉണ്ടായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 മാത്രമായിരുന്നു. നിലവിൽ 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് യു.എ.ഇ. രോഗത്തിന്റെ തോത് കുറഞ്ഞുവരാൻ കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ കൊവിഡ് പരിശോധനയുടെ എണ്ണത്തിലെ വൻ തോതിലുള്ള വർദ്ധനവാണ്.
പ്രവാസികൾ അടക്കമുള്ളവർക്ക് പരിശോധന സൗജന്യമാണെന്നതും യു.എ.ഇയുടെ പ്രത്യേകതയാണ്. നിലവിലെ കണക്കുകൾ പ്രകാരം 5,911 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 351 പേർ രോഗം മൂലം മരണമടയുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്ത് ഇതുവരെ 55,090 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 61,352.