
ഹൈദ്രാബാദ്: ലോക്ഡൗൺ മൂലം മദ്യം ലഭിക്കാത്തതിനെ തുടർന്ന് 235 പേർ സാനിറ്റൈസർ കുടിക്കുന്നതിന് അടിമകളായി തീർന്നതായി ആന്ധ്രാ പൊലീസ് അറിയിച്ചു. ദിവസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ലോക്ഡൗണായതിനാൽ പ്രദേശത്തെ മദ്യ ഷോപ്പുകൾ തുറക്കുന്നില്ല. ഈ കാരണത്താൽ തന്നെ മദ്യത്തിനടിമയായ നിരവധി പേർ സാനിറ്റൈസറിൽ അഭയം തേടിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുളള നടപടികൾ ഉർജ്ജിതമാക്കിയതായി എസ്.പി സിദ്ധാർത്ഥ് പറഞ്ഞു.
ഇവരുടെ വീടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞ നിരവധി സാനിറ്റൈസർ കുപ്പികൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. മദ്യവുമായി താരതമ്യം ചെയ്യുമ്പോൾ സാനിറ്റൈസറുകൾ വിലകുറച്ച് ലഭിക്കുമെന്നതും ഇവർ ഇത് വാങ്ങി കുടിക്കാൻ കാരണമാകുന്നുവെന്നും പൊലീസ് പറയുന്നു. സാനിറ്റൈസർ കഴിക്കുന്നവരെല്ലാം സാധാരണക്കാരായ കൂലിപണിക്കാരാണെന്നും ദോഷകരമായ രാസവസ്തുക്കൾ ചേർത്തുണ്ടാക്കിയ സാനിറ്റൈസർ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഇവർക്ക് ബോധവൽക്കരണം നടത്തുമെന്നും ഡെപ്യൂട്ടി എസ്.പി കെ പ്രകാശ് റാവു പറഞ്ഞു.അതേസമയം കഴിഞ്ഞ ആഴ്ച ഇവിടെ സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരണപ്പെട്ടിരുന്നു. വിലകുറഞ്ഞ സാനിറ്റൈസറുകളുടെ ലഭ്യത, വിൽപ്പന എന്നിവയെക്കുറിച്ചുളള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.