ayodhya

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്നു നടക്കും. ആഘോഷ ലഹരിയിലാണ് അയോദ്ധ്യ. നഗരത്തിലെങ്ങും ശ്രീരാമ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സരയൂ ഘട്ടിലും, വീടുകളിലും ദീപങ്ങൾ തെളിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 175 പേർക്ക് മാത്രമേ ക്ഷണമുള്ളുവെങ്കിലും 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നൽകുന്നത്.സമീപത്തെ വീടുകളിലൊക്കെ മഞ്ഞയും കാവിയും പെയിന്റടിച്ചു.

പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഒമ്പതരയോടെ ഡൽഹിയിൽ നിന്ന് അയോദ്ധ്യയിലേക്ക് യാത്ര തിരിക്കും. പത്തരയോടെ ലക്നൗവിലെത്തും. അവിടെനിന്നും ഹെലികോപ്റ്ററിൽ പതിനൊന്ന് മണിയോടെ അയോദ്ധ്യയിലെത്തും. ഉച്ചയ്‌ക്ക് 12.30ന് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കംകുറിച്ച് ഭൂമിപൂജ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാമം ആലേഖനം ചെയ്‌ത വെള്ളി കൊണ്ടുള്ള ശില സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിർമ്മാണത്തിന് തുടക്കമാവും.

ശിലാപൂജയ്ക്കു ശേഷം മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. തുടർന്ന് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ട്രസ്റ്റ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ക്ഷണിക്കപ്പെട്ടയാളുകൾക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനം നൽകുകയുള്ളു.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയിൽ നാല് പേർ മാത്രമേ ഉണ്ടാകുകയുള്ളു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽദാസ് എന്നിവരാണവർ.


രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമാകുന്നതോടെ ബി.ജെ.പിയുടെ കാലങ്ങളായുള്ള രാഷ്ട്രീയ അജൻഡയാണ് യാഥാർത്ഥ്യമാകുന്നത്. അടുത്തവർഷം നടക്കുന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് തങ്ങൾക്ക് ഗുണമാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം.